ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോ‌ഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും തമ്മിൽ പ്രണയത്തിലാണെന്നത് ഏവർക്കും സുപരിചിതമാണ്. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ആരാധകർ ‘വിരുഷ്ക’ എന്ന ഓമനപ്പേരിൽ ഈ പ്രണയ ജോഡികളെ നെഞ്ചേറ്റി കഴിഞ്ഞു. അടുത്തിടെ ആമിർ ഖാൻ അവതാരകനായെത്തിയ ചാറ്റ് ഷോയിൽ കോഹ്‌ലി അതിഥിയായെത്തി. ഷോയിൽ തന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും പ്രണയിനി അനുഷ്കയെക്കുറിച്ചും കോഹ്‌ലി സംസാരിച്ചു.

അനുഷ്കയിൽ കോഹ്‌ലി ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്തെന്നായിരുന്നു ആമിറിന്റെ ചോദ്യം. സത്യസന്ധയും നന്നായി കെയർ ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് അനുഷ്ക. അവളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും ഈ രണ്ടു കാര്യങ്ങളാണ്. തന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റിയതിലുളള മുഴുവൻ ക്രെഡിറ്റും അനുഷ്കയ്ക്ക് ഉളളതാണെന്നും കോഹ്‌ലി പറഞ്ഞു. അനുഷ്കയിൽ താൻ ഇഷ്ടപ്പെടാത്തതെന്തെന്നും കോഹ്‌ലി വെളിപ്പെടുത്തി. എപ്പോഴൊക്കെ പരസ്പരം കണ്ടുമുട്ടാൻ തീരുമാനിക്കുന്നോ അപ്പോഴൊക്കെ അനുഷ്ക വൈകിയാണ് വരാറുളളത്. ഞാൻ എപ്പോഴും നേരത്തെ എത്തു. പക്ഷേ അനുഷ്ക എപ്പോഴും 10-15 മിനിറ്റ് വൈകിയേ എത്താറുളളൂ. ഇതി തനിക്ക് ഇഷ്ടമല്ലെന്നും കോഹ്‌ലി പറഞ്ഞു.

അമിർ ഖാൻ അഭിനയിച്ചതിൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും കോഹ്‌ലി പറഞ്ഞു. ജോ ജീത്താ വോഹി സിക്കന്ദർ, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളാണ് കോഹ്‌ലിയുടെ ഇഷ്ട സിനിമകൾ. ദീപാവലിക്കാണ് ചാറ്റ് ഷോ സംപ്രേക്ഷണം ചെയ്യുക.

കോഹ്‌ലിയുമായുളള പ്രണയബന്ധം പരസ്യമായി പറയാൻ അനുഷ്ക ഇതുവരെ തയാറായിട്ടില്ല. എന്നാൽ കോഹ്‌ലിയാകട്ടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും സന്ദേശങ്ങളിലൂടെയും പരസ്യമായും അല്ലാതെയും അനുഷ്കയോടുളള തന്റെ പ്രണയം ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. അനുഷ്കയ്ക്ക് ഒപ്പമുളള ചിത്രം കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചർ ആക്കിയതോടെയാണ് ഇരുവരുടെയും പ്രണയം ദൃഢമാണെന്ന് ഏവരും സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ