അടുത്ത വര്‍ഷം ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പോകുന്നതില്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഏഷ്യാ കപ്പ് കളിക്കുന്നതിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഏഷ്യ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യ പാക്കിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തില്‍ പിസിബി ആശങ്ക അറിയിച്ചിരുന്നു. അതേസമയം 2023 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെ എല്ലാ മുന്‍നിര ടീമുകളും പങ്കെടുക്കുമെന്നാണ് അനുരാഗ് താക്കൂര്‍ പറയുന്നത്.
ലോകകപ്പിന് യോഗ്യത നേടുന്ന എല്ലാ ടീമുകളെയും ഇന്ത്യയുടെ മണ്ണില്‍ കളിക്കാന്‍ ക്ഷണിക്കുന്നു. പലതവണ പാകിസ്ഥാന്‍ ടീമുകള്‍ ഇന്ത്യയില്‍ വന്ന് കളിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ആരെയും ആജ്ഞാപിക്കാവുന്ന അവസ്ഥയിലല്ലെന്ന് എനിക്ക് തോന്നുന്നു, അത് ചെയ്യാന്‍ ആര്‍ക്കും ഒരു കാരണവുമില്ല. എല്ലാ രാജ്യങ്ങളും വന്ന് മത്സരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,
ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് ശേഷമുണ്ടായ വിവാദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താക്കൂര്‍.
‘ഒരു കായിക ഇനത്തിലും നിങ്ങള്‍ക്ക് ഇന്ത്യയെ അവഗണിക്കാനാവില്ല. സ്‌പോര്‍ട്‌സിന്, പ്രത്യേകിച്ച് ക്രിക്കറ്റിന് ഇന്ത്യ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. അതിനാല്‍, അടുത്ത വര്‍ഷം ലോകകപ്പ് സംഘടിപ്പിക്കും, അത് മഹത്തായതും ചരിത്രപരവുമായ സംഭവമായിരിക്കും. പാക്കിസ്ഥാനില്‍ സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇത് ക്രിക്കറ്റ് മാത്രമല്ല. ഇന്ത്യ ആരുയും കേള്‍ക്കാവുന്ന അവസ്ഥയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ് ഷായുടെ പ്രസ്താവനയില്‍ ബുധനാഴ്ച ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് (എസിസി) ആശങ്ക അറിയിച്ച് പിസിബി പ്രതികരിച്ചിരുന്നു. ‘എസിസി പ്രസിഡന്റ് ജയ് ഷാ ഇന്നലെ നടത്തിയ പരാമര്‍ശങ്ങളില്‍ പിസിബി ആശ്ചര്യവും നിരാശയും രേഖപ്പെടുത്തുന്നു. അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്ന ജയ് ഷായുടെ പ്രസ്താവനയിലാണ് പിസിബി അതൃപ്തി അറിയിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സല്‍ ബോര്‍ഡുമായോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായോ ഒരു ചര്‍ച്ചയോ കൂടിയാലോചനയോ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത് പ്രത്യാഘാതങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണെന്നാണ് പിസിബി പറഞ്ഞത്.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് 2023 നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയേക്കുമെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ യുടെ പ്രസ്താവന. പാക്കിസ്ഥാനെതിരായ ഉഭയകക്ഷി പരമ്പരകള്‍ക്കും പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നതിനും ബിസിസിഐക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 2023 ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകില്ലെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. ബിസിസിഐ വാര്‍ഷിക യോഗത്തിനായി മുംബൈയിലെത്തിയപ്പോഴായിരുന്നു ജയ് ഷാ നിലപാടു വ്യക്തമാക്കിയത്.