കൊച്ചി: കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനിലേക്ക് പോകുന്ന ഹെന്റി കിസേക്കയ്ക്ക് പകം ഗോകുലം കേരള എഫ്‌സി ലക്ഷ്യമിട്ടിരിക്കുന്നത് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മെയ്‌നയെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടുകാരനായ ജര്‍മ്മന്‍ 2015ലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. മഞ്ഞപ്പടയ്ക്കായി രണ്ട് സീസണ്‍ കളിച്ച താരം തന്‍റെ ആദ്യ സീസണില്‍ ആറ് ഗോളും നേടിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത സീസണില്‍ ടീമിനായി 14 മത്സരങ്ങളും കളിച്ചെങ്കിലും ഒരു ഗോളുപോലും താരത്തിന് നേടാനായിരുന്നില്ല. ഇതിന് പിന്നാലെ ടീം വിട്ട ജര്‍മ്മന്‍ ഇംഗ്ലണ്ടിലെ നാഷണല്‍ ലീഗ് സൗത്തില്‍ ഹെമ്മെല്‍ ഹെംപ്‌സ്റ്റെഡ് ടൗണ്‍ എഫ്‌സിയ്ക്കായി കളിക്കുകയായിരുന്നു. ഐ ലീഗില്‍ വമ്പന്മാരെ അട്ടിമറിച്ച ഗോകുലത്തിന്റെ പ്രകടനം താരത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

ഗോകുലത്തിനോടുള്ള താല്‍പര്യം നേരത്തെ തന്നെ ജര്‍മ്മന്‍ അറിയിച്ചിരുന്നു. ഈ മാസം ആദ്യം ആര്‍ക്കെങ്കിലും ഗോകുലം എഫ്സിയെ കുറിച്ച് പറഞ്ഞ് തരാന്‍ കഴിയുമോ എന്ന് താരം ട്വീറ്റ് ചെയ്തിരുന്നു. ഐ ലീഗിലെ കരുത്തരായ മോഹന്‍ ബഗാനേയും ഈസ്റ്റ് ബംഗാളിനേയും മിനര്‍വ പഞ്ചാബിനേയും പരാജയപ്പെടുത്തിയാണ് ഗോകുലം ആരാധകരേയും ജര്‍മ്മനേയും ഞെട്ടിച്ചത്.

ഇതോടെയാണ് താരത്തെ വീണ്ടും കേരളത്തിലെത്തിക്കാനുള്ള നീക്കം ഗോകുലം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ടീം അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഉടനെ തന്നെ താരവും ടീമും തമ്മില്‍ കരാറിലൊപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.

കന്നി സീസണില്‍ തന്നെ ആരാധകരുടെ കയ്യടി നേടിയ ടീമാണ് ഗോകുലം കേരള എഫ്‌സി. വമ്പന്‍മാരെ അട്ടിമറിച്ച ടീം അതേ ഫോം സൂപ്പര്‍ കപ്പിലും തുടരുകയാണ്. ഐഎസ്എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സൂപ്പര്‍ കപ്പില്‍ പരാജയപ്പെടുത്തിയ ഗോകുലം കരുത്തരായ ബംഗളൂരു എഫ്‌സിയെയാണ് അടുത്തതായി നേരിടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ