ലണ്ടന്‍ : ഇറ്റാലിയന്‍ ഫുട്ബാള്‍ മാനേജര്‍ ആന്റോണിയോ കോന്റെ ചെല്‍സി വിടുന്നു. ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ കോന്റെയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബ്.
ഇറ്റലി ദേശീയ ടീമിന്റെ മാനേജറായപ്പോഴുള്ള മികച്ച ട്രാക്ക് റെക്കോഡ് ആയിരുന്നു 2016 സീസണില്‍ കോന്റെയെ ചെല്‍സിയില്‍ എത്തിക്കുന്നത്. ആദ്യ സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ജേതാക്കള്‍ ആക്കാന്‍ കഴിഞ്ഞിരുന്നു എങ്കിലും 2017-18 വര്‍ഷത്തില്‍ അതെ പ്രഭാവം തുടരാനാകാഞ്ഞതാണ് ചെല്‍സിയെ നാല്പ്പത്തിയെട്ടുകാരനുമായ് കരാര്‍ തുടരേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത്. ക്ലബ്ബുമായ് കൊന്റെക്കുള്ള ബന്ധം വഷളാകുന്നതതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ചെല്‍സി ഒഴിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ആന്റോണിയോ കോന്റെയ്ക്കായ് പല പ്രമുഖ ക്ലബ്ബുകളും ചരടുവലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിന്റ് ജര്മെയ്ന് ആണ് അതില്‍ പ്രമുഖര്‍. ചെല്‍സി നല്കുന്ന 9.5 മില്യണ്‍ യൂറോയെക്കാള്‍ വേതനമാണ് ഫ്രഞ്ച് ചാമ്പ്യന്മാര് കോന്റെയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിടുന്ന ഫ്രഞ്ച് ക്ലബ്ബിന് ഈ വര്‍ഷം ഏല്‍ക്കേണ്ടി വന്ന തിരിച്ചടി കോന്റെയുടെ സൈനിങ്ങിലേക്ക് വഴിവെക്കും എന്നാണ് ദ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തനിക്ക് വേണ്ട താരങ്ങളെ ചെല്‍സിയിലേക്ക് എത്തിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തതും കൊന്റെയെ പ്രകോപിപ്പിക്കുന്നുണ്ട്. ഡിയാഗോ കോസ്റ്റ, നെമാഞ്ച മാറ്റിച്, ഓസ്കാര്‍ എന്നീ താരങ്ങളെ വിറ്റിട്ടും തനിക്ക് താത്പര്യമുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ഇറ്റാലിയന്‍ ആയില്ല. റൊമേലു ലുകാക്കുവിനെ സ്വന്തമാക്കാന്‍ കോന്റെ ശ്രമിച്ചുവെങ്കിലും മൊറാട്ടയില്‍ അദ്ദേഹത്തിന് തൃപ്തിപ്പെടെണ്ടി വന്നിരുന്നു.
നെയ്മര്‍, എംബാബെ, കവാനി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അടങ്ങിയ പാരിസ് സെയിന്റ് ജര്‍മെയ്നിലേക്ക് കൊന്റെ കരാറില്‍ ഏര്‍പ്പെടും എന്ന് തന്നെയാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അഭ്യൂഹങ്ങള്‍.