ഫ്രഞ്ച് സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ ബാഴ്സയിലെത്തി. 120 മില്യൻ യൂറോക്കാണ് സ്‌പാനിഷ് ലീഗിലെ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഗ്രീസ്മാൻ ബാഴ്സയിലെത്തുന്നത്. രണ്ട് വർഷത്തെ കരാറാണ് ക്ലബുമായി താരം ഒപ്പിട്ടിരിക്കുന്നത്. നേരത്തെ തന്നെ താരം ബാഴ്സയിൽ എത്തുമെന്ന തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനം ആയിരുന്നില്ല.

മെയ് മാസത്തിലാണ് ഏറെക്കാലം സ്‌പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നെടുംതൂണായിരുന്ന അന്റോണിയൻ ഗ്രീസ്മാൻ ക്ലബ് വിട്ടത്. പ്രധാനപ്പെട്ട കിരീടങ്ങൾ അത്‌ലറ്റിക്കോ മാഡ്രിഡിന് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഗ്രീസ്മാൻ 2014ലാണ് ക്ലബ്ബിൽ എത്തുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 250 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഗ്രീസ്മൻ 133 ഗോളുകൾ നേടിയതിനൊപ്പം, 43 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. യൂറോപ്പ ലീഗ് കപ്പും, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളെല്ലാം ക്ലബ്ബ് സ്വന്തമാക്കിയത് ഈ കാലഘട്ടത്തിലാണ്. ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഗ്രീസ്മാനായിരുന്നു.

അടുത്ത ദിവസങ്ങളിൽ തന്നെ താരം ക്ലബ്ബിനൊപ്പം ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഗ്രീസ്മൻ എത്തുന്നതോടെ ബാഴ്സലോണയുടെ മുന്നേറ്റം ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതാവും. മെസിയും, ഗ്രീസ്മനും, സുവാരസും ചേർന്നുള്ള മുന്നേറ്റ നിരയെ തടഞ്ഞുനിർത്തുക മറ്റുള്ള ടീമുകൾക്ക്‌ അത്ര എളുപ്പമാകില്ല എന്ന് ഉറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook