ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിച്ച രീതി ഒട്ടും ഉചിതമായില്ല എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബൗണ്ടറികളുടെ കണക്ക് വച്ച് വിജയികളെ തിരഞ്ഞെടുത്ത രീതിയെയാണ് സച്ചിന്‍ ചോദ്യം ചെയ്തത്. ലോകകപ്പ് ഫൈനല്‍ പോലൊരു മത്സരത്തില്‍ അത് എത്രത്തോളം ഉചിതമായ നടപടിയാണെന്നും സച്ചിന്‍ ചോദിച്ചു. സൂപ്പര്‍ ഓവര്‍ സമനിലയിലായ സ്ഥിതിക്ക് വിജയികളെ തിരഞ്ഞെടുക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി നല്‍കാമായിരുന്നു എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭിപ്രായം.
“ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ തിരഞ്ഞെടുത്തതിനേക്കാള്‍ നല്ലത് ഒരു സൂപ്പര്‍ ഓവര്‍ കൂടി നല്‍കുകയായിരുന്നു. അതായിരുന്നു കുറച്ച് കൂടി നല്ലത്. ഇതൊരു ലോകകപ്പ് ഫൈനല്‍ ആണല്ലോ. ലോകകപ്പ് ഫൈനല്‍ മാത്രമല്ല എല്ലാ കളികളും വളരെ പ്രാധാന്യമുള്ളതാണ്. ഫുട്‌ബോളില്‍ സമനിലയാണെങ്കില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയല്ലേ ചെയ്യാറുള്ളത്” – സച്ചിന്‍ പറഞ്ഞു.
Read Also: സച്ചിന്റെ ലോകകപ്പ് ഇലവനിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ; ധോണി പുറത്ത്
ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനല്‍ മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവര്‍ അനുവദിക്കുകയായിരുന്നു. സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ വിജയികളെ നിശ്ചയിക്കാന്‍ ഐസിസി തിരഞ്ഞെടുത്തത് ആര് കൂടുതല്‍ ബൗണ്ടറികള്‍ നേടി എന്ന മാനദണ്ഡമാണ്. ഇത് ഇംഗ്ലണ്ടിന് അനുകൂലമായി. ന്യൂസിലന്‍ഡിനേക്കാള്‍ ബൗണ്ടറികള്‍ ഇംഗ്ലണ്ട് നേടിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഫൈനല്‍ സമനിലയാകുന്നതും സൂപ്പര്‍ ഓവറിലേക്ക് നീങ്ങുന്നതും. ഇംഗ്ലണ്ട് സിക്‌സും ഫോറുമടക്കം 26 ബൗണ്ടറികളും ന്യൂസിലന്‍ഡ് 17 ബൗണ്ടറികളുമായിരുന്നു നേടിയിരുന്നത്. ഇതാണ് ന്യൂസിലന്‍ഡിന് വിനയായത്.