ബംഗലൂർ: കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട ഐപിഎൽ കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ സീസണിലെ അദ്ഭുത താരം സർഫ്രാസ് അഹമ്മദിനേറ്റ പരിക്കാണ് ഇപ്പോൾ റോയൽ ചലഞ്ചേഴ്സിന്റെ തലവേദന. ബംഗളൂരുവില്‍ പരിശീലന മത്സരതത്തിനിടെയേറ്റ പരിക്കേറ്റതാണ് ‘വണ്ടര്‍ കിഡിന്’ തിരിച്ചടിയായത്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി ഇക്കാര്യം സ്ഥിരീകരിച്ചു.

സർഫ്രാസിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ഈ സീസണിൽ കളിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഡാനിയൽ വെട്ടോറി പറഞ്ഞു. സർഫ്രാസിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐയെ അറിയിച്ചിട്ടുണ്ട് , പകരക്കാരനെ ടീമിലെടുക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എന്നും ഡാനിയൽ വെട്ടോറി അറിയിച്ചു. പരിക്കിന്റെ പിടിയിലായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ നായകൻ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യവും സംശയത്തിലാണ്.

കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സർഫ്രാസ് പെട്ടെന്നാണ് ആരാധകരുടെ പ്രിയതാരമായത്. പേരുകേട്ട ബൗളർമാരുടെ പന്തുകളെല്ലാം അടിച്ചു പറത്തിയ സർഫ്രാസ് 18 മത്സരങ്ങളിൽ കളിച്ചു. 29.5 ശരാശരിയില്‍ 177 റണ്‍സും നേടിയിരുന്നു. 2015ല്‍ 50 ലക്ഷം രൂപയ്ക്കായിരുന്നു സര്‍ഫറാസ് ബംഗളൂരു ടീമിലെത്തിയത്.അണ്ടര്‍-19 ലോകകപ്പാണ് സര്‍ഫറാസിനെ ശ്രദ്ധേയനാക്കിയത്. ഓഫ് സ്പിന്നര്‍ കൂടിയായ സര്‍ഫറാസ് മികച്ച ഓള്‍റൗണ്ടറായാണ് വിലയിരുത്തപ്പെടുന്നത്.

അതെസമയം ആര്‍സിബിയെ തുടര്‍ച്ചായായി പരിക്ക് വേട്ടയാടുകയാണ്. നായകന്‍ വിരാട് കോഹ്ലിയും ഓപ്പണര്‍ കെഎല്‍ രാഹുലും പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. പരിക്കേറ്റ എബി ഡിവില്ലിയേഴ്സിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ