കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ ജയം കർണ്ണാടകയ്ക്ക്. എതിരാളികളായ ബിഹാറിനെ നേരിട്ടുളള സെറ്റുകൾക്കാണ് കർണ്ണാടകം തകർത്ത് വിട്ടത്. ഇന്ത്യൻ താരം അനൂപ് ഡി കോസ്റ്റയുടെ തകർപ്പൻ പ്രകടനമാണ് കർണ്ണാടകയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. സ്കോർ 25-12,25-14,25-17.

ദുർബലരായ ബിഹാറിനെതിരെ അനായാസ ജയം പ്രതീക്ഷിച്ചാണ് കർണ്ണാടക ഇറങ്ങിയത്. എന്നാൽ ആദ്യ സെറ്റിൽ ബിഹാറിനായിരുന്നു തുടക്കത്തിലെ ലീഡ്. 6-0 എന്ന സ്കോറിന് ബിഹാർ മുന്നിൽ എത്തിയിരുന്നു. എന്നാൽ പരിചയ സമ്പന്നനായ അനൂപ് ഡി കോസ്റ്റയുടെ തകർപ്പൻ സ്മാഷുകളിലൂടെ കർണ്ണാടക മൽസരത്തിലേക്ക് തിരിച്ചെത്തി. ഇടിമിന്നൽ പോലെയുളള സ്മാഷുകളുമായി അനൂപ് കളം പിടിച്ചതോടെ കർണ്ണാടക ആദ്യ സെറ്റ് അനായാസം ജയിച്ചു കയറി.

രണ്ടാം സെറ്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇന്ത്യൻ സീനീയർ ടീമിന് വേണ്ടി ജഴ്സി അണിഞ്ഞിട്ടുളള കാർത്തികും നകുലും ഫോമിലേക്ക് ഉയർന്നതോടെ കർണ്ണാടക രണ്ടാം സെറ്റും പിടിച്ചു. നിർണ്ണായകമായ മൂന്നാം സെറ്റിൽ മുൻനിര താരങ്ങളെ പുറത്തിരുത്തിയാണ് കർണ്ണാടക ഇറങ്ങിയത്. ഇന്ത്യൻ ദേശീയ ജൂനിയർ ടീമിൽ കളിച്ച സുജിത്ത് ആചാര്യയും വിനായകും ഫോമിലേക്ക് ഉയർന്നതോടെ ബിഹാർ തോൽവി സമ്മതിക്കുകയായിരുന്നു. 25-17 എന്ന സ്കോറിനാണ് മൂന്നാം സെറ്റിൽ കർണ്ണാടകത്തിന്റെ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ