ജക്കാർത്ത: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും ഇന്ത്യയുടെ സുവര്‍ണ വെടിനാദം. ഷൂട്ടിങ്ങില്‍ രാഹി സര്‍നോബത്താണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് രാഹി സ്വര്‍ണം നേടിയത്. ഷൂട്ടോഫിലായിരുന്നു രാഹിയുടെ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് രാഹി. ഷൂട്ടിങ്ങില്‍ മാത്രം ഇതോടെ രണ്ട് സ്വര്‍ണമായി ഇന്ത്യയ്ക്ക്. ഇന്നലെ സൗരഭ് ചൗധരി എന്ന 16 കാരന്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയിരുന്നു.
ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി. നാല് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍. പോയിന്റ് ടേബിളില്‍ നാലാമതാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.
ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാമത് എഷ്യൻ ഗെയിംസിൽ കൂടുതൽ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഷൂട്ടിങ്ങിലും ഗുസ്തിയിലുമാണ് ഇന്ന് കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്നത്. 100 മീറ്റർ ബട്ടർഫ്ലൈ നീന്തൽ ഇനത്തിൽ മലയാളി താരം സജൻ പ്രകാശ് മത്സരിക്കും. ഈ ഇനത്തിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്.
ഗുസ്തിയിൽ ഇന്ത്യയ്ക്ക് ഇന്ന് 4 വിഭാഗങ്ങളിൽ മത്സരമുണ്ട്. 97 കിലോ വിഭാത്തിൽ ഇന്ത്യക്കായി ഹർദീപ് ക്വർട്ടർ ഫൈനലിനിറങ്ങും. വോളിബോളിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരമുണ്ട. ടെന്നിസ് കോർട്ടിലും ഇന്ത്യക്ക് പ്രതീക്ഷ നൽകി താരങ്ങൾ ഇന്നിറങ്ങും. ടെന്നിസിൽ അങ്കിത റെയ്ന മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണയും ദിവിജും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ ഇവർ മെഡല്‍ ഉറപ്പിച്ചുണ്ട്.
വുഷുവാണ് ഇന്ത്യ ഇന്ന് മെഡൽ പ്രതീക്ഷ പുലർത്തുന്ന മറ്റൊരിനം. വുഷു സെമിഫൈനൽ വനിത വിഭാഗത്തിൽ റോഷിബിന ദേവി (65 കിലോ), പുരുഷ വിഭാഗത്തിൽ സന്തോഷ് കുമാർ (56 കിലോ), സൂര്യ ഭാനു (60 കിലോ), നരേന്ദർ ഗ്രേവൽ (65 കിലോ) എന്നിവർ മത്സരിക്കും.
എഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യ അഞ്ച് മെഡലുകൾ സ്വന്തമാക്കി. ഷൂട്ടിങ്ങിൽ ഒന്ന് വീതം സ്വർണ്ണവും, വെള്ളിയും, വെങ്കലവും നേടിയ ഇന്ത്യക്ക് ഗുസ്തിയിൽനിന്നും സെപക്താക്രോയിൽനിന്നും ഒരോ വെങ്കലവും കിട്ടി. ആകെ മൂന്ന് സ്വർണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 20 സ്വർണ്ണം നേടിയ ചൈനയാണ് പട്ടികയിൽ ഒന്നാമത്.