ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളാണ് അഞ്ജു ബോബി ജോർജ്ജ്. ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അഞ്ജുവിന് പൂർത്തിയാക്കാനാവാതെ പോയ സ്വപ്നമാണ് ഒളിംപിക് മെഡൽ. എന്നാൽ നീണ്ട 14 വർഷത്തിന് ശേഷം ഇപ്പോൾ മലയാളിയായ ഈ ലോങ്ജംപ് താരം ഒളിംപിക്സിലെ വെള്ളിമെഡൽ നേട്ടത്തിന് അരികെയാണ്.

കഴിഞ്ഞ മാസമാണ് ഇന്ത്യയിലെയും യുകെയിലെയും ഓസ്ട്രേലിയയിലെയും അത്‌ലറ്റിക് ഫെഡറേഷനുകൾ സംയുക്തമായി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനെ സമീപിച്ചത്. 2004 ൽ ഏഥൻസിൽ നടന്ന ഒളിംപിക്സിലെ ലോങ്ജംപ് മൽസരഫലം പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് മൂന്ന് അസോസിയേഷനുകളും മുന്നോട്ട് വച്ചിരിക്കുന്നത്.

ഈ മൽസരത്തിൽ റഷ്യൻ താരങ്ങളായ താത്യാന ലെബഡെവ, ഐറിൻ സിമജിന, താത്യാന കൊട്ടോവ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഇവർക്കെതിരായ ഉത്തേജക മരുന്ന് കേസിൽ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് അസോസിയേഷനുകൾ പരാതിയുമായി രംഗത്ത് വന്നത്.

മൽസരത്തിൽ ഓസ്ട്രേലിയൻ താരം ബ്രോൺവിൻ തോംസൺ നാലും അഞ്ജു ബോബി ജോർജ് അഞ്ചും ബ്രിട്ടന്റെ ജെയ്‌ഡ് ജോൺസൺ ആറും സ്ഥാനത്തായിരുന്നു. റഷ്യൻ താരങ്ങളെ അയോഗ്യരാക്കിയാൽ ഇവർ മൂവരും ആദ്യ മൂന്ന് സ്ഥാനക്കാരാവും. അങ്ങിനെ വന്നാൽ ഏഥൻസ് ഒളിംപിക്സിലെ ലോങ്ജംപ് വെള്ളിമെഡൽ അഞ്ജുവിന്റെ പേരിലാകും.

അതോടെ അഞ്ജു ബോബി ജോർജ് അത്‌ലറ്റിക്സിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതിക്കും അർഹയാകും. ഉത്തേജക മരുന്ന് ഏജൻസിയുടെ അന്വേഷകൻ മക്‌ലാരന്റെ റിപ്പോർട്ടിൽ വർഷങ്ങളായി റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി. മൂന്ന് താരങ്ങളെയും 2016 ൽ നടന്ന ഒളിംപിക്സിൽ നിന്ന് പുറത്താക്കിയിരുന്നു.

ഏഥൻസ് ഒളിംപിക്സിന് മുൻപ് റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ച് തുടങ്ങിയിരുന്നോയെന്നാണ് മൂന്ന് അസോസിയേഷനുകളും ഇപ്പോൾ ചോദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ സർക്കാർ അറിഞ്ഞുകൊണ്ടാണ് ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

2004 ൽ സ്വർണ്ണം നേടിയ ലെബഡോവയെ 2008 ലാണ് അയോഗ്യയാക്കിയത്. ഉത്തേജക മരുന്ന് പരിശോധനയിൽ സ്റ്റിറോയ്‌ഡിന്റെ അളവ് കണ്ടെത്തിയിരുന്നു. 2012 ൽ നടന്ന ലണ്ടൻ ഒളിംപിക്സിൽ സിമജിനയെയും വിലക്കിയിരുന്നു. കോട്ടോവയുടെ 2005 ലെ രക്തസാമ്പിളുകൾ 2013 ൽ വീണ്ടും പരിശോധിച്ചതിൽ നിന്ന് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

തങ്ങളുടെ താരങ്ങൾക്ക് അർഹതപ്പെട്ട മെഡലാണിതെന്ന അവകാശവാദത്തിലാണ് അത്‌ലറ്റിക് ഫെഡറേഷനുകൾ ഉറച്ചുനിൽക്കുന്നത്. താരങ്ങളും വലിയ പ്രതീക്ഷയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook