ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി അഞ്ജു ബോബി ജോർജും അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സായി സ്റ്റേഡിയങ്ങളിൽ മറ്റ് കായിക പരിപാടികൾ സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് വിമർശനത്തിന് പിന്നിൽ.

സായി സ്റ്റേഡിയങ്ങളിൽ പരിശീലനം നടത്താൻ പോലും കായിക താരങ്ങളെ അനുവദിക്കുന്നില്ലെന്ന് മുൻ ലോക ചാംപ്യൻഷിപ്പിൽ ലോങ്ജംപിലെ വെങ്കല മെഡൽ ജേതാവായ അഞ്ജു പറഞ്ഞു. നിലവിൽ കേന്ദ്ര കായിക നിരീക്ഷകയാണ് അഞ്ജു.

“ഐഎസ്എല്ലിന് ഒരുപാട് പണമുണ്ട്. പിന്നെന്തുകൊണ്ടാണ് അവർക്ക് സ്വന്തമായി സൗകര്യങ്ങൾ ഉണ്ടാക്കാൻ കഴിയാത്തത്? ഐഎസ്എൽ ഞങ്ങളുടെ സ്റ്റേഡിയങ്ങൾ എടുത്താൽ ഞങ്ങളുടെ കായികതാരങ്ങൾ എവിടെ പോയി പരിശീലിക്കണമെന്നാണ്?” അഞ്ജു ചോദിച്ചു.

“ഈ സ്റ്റേഡിയങ്ങളിൽ നല്ല ട്രാക്കുകളാണ് ഉളളത്. ഞങ്ങളുടെ താരങ്ങൾക്ക് പരിശീലിക്കാനുളള സ്ഥലമാണിത്. എന്നാൽ അതിന് സാധിക്കുന്നില്ല. ഇവർ എങ്ങോട്ടാണ് പിന്നെ പോകേണ്ടത്?” അഞ്ജു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിവേചനത്തെ കുറിച്ച് പറഞ്ഞു.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയം, ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവയാണ് ഐഎസ്എൽ ടീമുകൾ തുടർച്ചയായി ആറ് മാസക്കാലത്തേക്ക് ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ വിവിധ കായിക ഇനങ്ങളിലെ ദേശീയ ചാംപ്യൻഷിപ്പുകൾ നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് അത്‌ലറ്റിക് ഫെഡറേഷൻ. കായിക മന്ത്രാലയത്തോട് ഈ ആവശ്യം നിരന്തരം മുന്നോട്ട് വച്ചിട്ടും ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് മലയാളി കൂടിയായ അഞ്ജു ബോബി ജോർജ് തുറന്ന പോരിനിറങ്ങിയത്.

ഫെഡറേഷൻ കപ്പ് നടത്താൻ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലഭിക്കാതെ വന്നതോടെ അത്‌ലറ്റിക് ഫെഡറേഷൻ ഇതിന് പാട്യാലയിലെ മൈതാനം തിരഞ്ഞെടുത്തു. “ഫുട്ബോൾ മറ്റ് കായിക ഇനങ്ങളേക്കാളൊക്കെ മേലെയാണോയെന്ന് കായിക മന്ത്രാലയം പറയണം. രാജ്യത്തിന് എന്നും അഭിമാനർഹമായ നിലയിൽ മെഡൽ നേടിക്കൊടുത്തത് അത്‌ലറ്റിക്സാണ്. എന്നാൽ കഴിഞ്ഞ മൂന്ന് ഐഎസ്എൽ സീസണുകളിൽ ഏറ്റവും കൂടുതൽ പരുക്കേറ്റത് രാജ്യത്തെ അത്‌ലറ്റിക്സിനാണ്,” ഫെഡറേഷൻ സെക്രട്ടറി സി.കെ.വത്സൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ