സച്ചിനും ഗാംഗുലിയും ലക്ഷ്മണനുമടങ്ങിയ സമിതിക്കെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഇതിഹാസ താരമായ അനില്‍ കുംബ്ലെയെ പുറത്താക്കിയ രീതി ശരിയായില്ലെന്ന് രാഹുല്‍ ദ്രാവിഡ് തുറന്നടിച്ചു. സച്ചിനും ഗാംഗുലിയും ലക്ഷ്മണനുമടങ്ങിയ സമിതിക്കായിരുന്നു പരിശീലകനെ തിരഞ്ഞെടുക്കേണ്ട ചുമതല.

ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ഇതിഹാസ താരമാണ് കുംബ്ലെ. കളിക്കാര്‍ പരിശീലകരെക്കാള്‍ സ്വാധീനമുള്ളവരാണ്. കളിക്കാരും പരിശീലകരും തമ്മിൽ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും പുറത്താക്കപ്പെടുക. അതാണ് യഥാര്‍ഥ്യമെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനെന്ന നിലയില്‍ തനിക്കറിയാം, താനും ഒരു നാള്‍ പുറത്താക്കപ്പെടും. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔചിത്യപരമായി ചെയ്യേണ്ടതാണെന്നും രാഹുല്‍ ചൂണ്ടികാട്ടി. കുംബെ രാജിവെച്ചപ്പോള്‍ സച്ചിനും ഗാംഗുലിയും എന്തുകൊണ്ടാണ് ഇടപെടാത്തതെന്നും രാഹുല്‍ ചോദിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് രാഹുലിന്റെ വിമര്‍ശനം വഴിവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ