മുംബൈയിൽ നടന്ന വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹ വിരുന്നിൽ പല ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തെങ്കിലും ശ്രദ്ധേയമായത് അനിൽ കുംബ്ലെയുടെ വരവാണ്. ഭാര്യ ചേതനയ്ക്ക് ഒപ്പമാണ് കുംബ്ലെ എത്തിയത്. കുംബ്ലെ എത്തിയത് പലരെയും അതിശയിപ്പിച്ചു. ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്നും കുംബ്ലെയെ നീക്കാൻ കാരണക്കാരൻ കോഹ്‌ലിയാണെന്നത് വലിയ വാർത്തയായിരുന്നല്ലോ. എന്നിട്ടും കോഹ്‌ലിയോടുളള പിണക്കം മറന്ന് കുംബ്ലെ എത്തിയതുകണ്ടാണ് ഏവരും അതിശയിച്ചത്.

ഇന്ത്യൻ കോച്ച് സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെ ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിൽ കോഹ്‌ലിക്കെതിരെ കുംബ്ലെ ആഞ്ഞടിച്ചിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു.

‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ കത്തിൽ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവച്ചില്ലെങ്കിൽ വിരാട് കോഹ്‍ലി നായക സ്ഥാനം ഒഴിയുമെന്ന് ഭീഷണി മുഴക്കിയതായും വാർത്തകൾ വന്നിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അധികാര മേഖലകളില്‍ കുംബ്ലെ ഇടപെടുന്നുവെന്നായിരുന്നു കോഹ്‌ലിയുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ