ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീരിച്ച് കോച്ച് അനിൽ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.

‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ വ്യക്തമാക്കുന്നു.

തൻറെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. ‘ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും’ എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.

ഇന്നലെയാണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തു​നി​ന്നും അ​നി​ൽ കും​ബ്ലെ രാ​ജി​വെ​ച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമൊനൊപ്പം കുംബ്ലെ പോകില്ലെന്ന് അറിയിച്ചിരുന്നു. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഇന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം അടുത്ത ദിവസം നടക്കും. വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവർ പരീശീക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനിൽ കുംബ്ലെയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook