ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനിൽ കുംബ്ലെ രാജിവച്ചു. നായകനായ വിരാട് കോഹ്ലിയുമായുളള തര്‍ക്കത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് കൈമാറി. കുംബ്ലെയുടെ പരിശീലനത്തില്‍ തുടരാനാവില്ലെന്ന് കോഹ്ലി ക്രിക്കറ്റ് ഉപദേശക സമിതിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമൊനൊപ്പം കുംബ്ലെ പോകില്ലെന്ന് അറിയിച്ചിരുന്നു. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഇന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം അടുത്ത ദിവസം നടക്കും. വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവർ പരീശീക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനിൽ കുംബ്ലെയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ