Latest News

കോഹ്‌ലിയുടെ എതിർപ്പ് വിലപ്പോയില്ല, പരിശീലകനായി കുബ്ലെ തന്നെ തുടരും?

ടീമിന്‍റെ പരിശീലകനെ നായകന്‍ നിശ്ചയിക്കുക എന്ന തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിന് നല്ലതല്ലെന്ന വിലയിരുത്തലും ബിസിസിഐ അംഗങ്ങൾക്കുണ്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടര്‍ന്നേക്കുമെന്ന് സൂചന. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍,സൗരവ് ഗാംഗുലി എന്നിവര്‍ അംഗങ്ങളായ ഉപദേശക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കുംബ്ലെയും നായകന്‍ കോഹ്‌ലിയും തമ്മില്‍ സാരമായ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും സമവായത്തിന്‍റെ സാധ്യത പരമാവധി ആരായുന്നതിനോടാണ് ഉപദേശക സമിതി അംഗങ്ങള്‍ക്ക് താത്പര്യമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ ട്രാക്ക് റെക്കോഡ് അവഗണിക്കുന്നതിനോട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കും ബിസിസിഐയിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും യോജിപ്പില്ല. ടീമിന്‍റെ പരിശീലകനെ നായകന്‍ നിശ്ചയിക്കുക എന്ന തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിന് നല്ലതല്ലെന്ന വിലയിരുത്തലും ബിസിസിഐ അംഗങ്ങൾക്കുണ്ട്.

കോഹ്‌ലിയും കുംബ്ലെയും വിട്ടുവീഴ്ചക്ക് തയ്യാറാകുകയാണെങ്കില്‍ ടീമിനെ സംബന്ധിച്ചിടത്തോളം അതിലേറെ ഗുണകരമായി മറ്റൊന്നും സംഭവിക്കാനില്ലെന്നും വിലയിരുത്തലുണ്ട്. ഇത്തരമൊരു സമവായത്തിന്‍റെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞാല്‍ മാത്രമെ പുതിയ ഒരാളെ ഇനി പരിഗണിക്കൂ.

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ അനിൽ കുംബ്ലെയുമായി അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കുംബ്ലെയുമായി ഒത്തുപോകാൻ ഇന്ത്യൻ ടീമിലെ പലർക്കും സാധിക്കിന്നില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുബ്ലെയുമായി ഒരു നിലക്കും യോജിച്ച് പോകാനാകില്ലെന്ന് കോഹ്‌ലി അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു.

കുംബ്ലെ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ കോഹ്‌ലി ഉള്‍പ്പെടെയുള്ള ഏതാനും മുതിർന്ന താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പകരം രവിശാസ്ത്രിയെ പരിശീലകനാക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത പരിശീലകനെ തീരുമാനിക്കുന്ന സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ ത്രയം പ്രശ്‌നത്തില്‍ മധ്യസ്ഥത്തിനായി ഇടപെട്ടു എന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ പരിശീലകൻ അനിൽ കുംബ്ലെയുമായി കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. കുംബ്ലെയുമായി ഒരു പ്രശ്നവുമില്ലെന്നും എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കൊഹ്‌ലി വ്യക്തമാക്കി. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനുമായുള്ള മൽസരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്യാംപിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കൊഹ്‌ലി മനസ്സു തുറന്നത്.

‘പരിശീലകൻ എന്ന നിലയിൽ കുംബ്ലെയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ആളുകൾ കാര്യങ്ങളറിയാതെ വെറുതെ ബഹളം വയ്ക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാണ് ആളുകൾ ഊഹാപോഹങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഏതൊരു ഡ്രസിങ് റൂമിലും ഉണ്ടാകുന്ന ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഇന്ത്യൻ ക്യാംപിലും ഉള്ളത്. നമ്മുടെ വീട്ടിൽപ്പോലും ചിലപ്പോൾ ഇത്തരം അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനർഥം കുടുംബത്തിൽ മുഴുവൻ പ്രശ്നമാണ് എന്നല്ല. എന്തിനു വേണ്ടിയാണ് ഇത്തരം നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് അറിയില്ല’ കോഹ്‌ലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Anil kumble likely to get one tour extension as india coach

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express