ബംഗ്ളാദേശിനെതിരെ ടെസ്റ്റ് പരമ്പര വിജയിക്കുകയും ഇരട്ട സെഞ്ചുറി നേടുകയും ചെയ്ത കോഹ്‌ലിയെ പ്രശംസയിൽ മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യൻ ടീമിന്റെ കോച്ച് അനിൽ കുംബ്ലെയാണ് പുതിയതായി കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരു 19 വയസുകാരനിൽ നിന്ന് ഇന്നത്തെ ഇന്ത്യൻ നായകനിലേക്കുളള കോഹ്‌ലിയുടെ മാറ്റം പ്രശംസനീയമാണെന്നാണ് അനിൽ കുംബ്ലെ.

“ഒറ്റ വാക്കിൽ കോഹ്‌ലിയെ വിവരിക്കുക അസാധ്യമാണ്. ഒരു പത്തൊമ്പത് വയസുകാരനിൽ നിന്നുളള അദ്ദേഹത്തിന്റെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്. അണ്ടർ 19 വേൾഡ് കപ്പ് വിജയിച്ച് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് വേണ്ടി കളിച്ച് തുടങ്ങിയ കോഹ്‌ലിയുടെ ഇന്നത്തെ നിലയിലേക്കുള്ള മാറ്റം ഗംഭീരമാണ്.” വക്കോലയിലെ ഒരു പരിപാടിക്കിടയിലാണ് കുംബ്ലെ കോഹ്‌ലിയെ പ്രശംസയിൽ മുക്കിയത്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് വിജയങ്ങൾ നേടിതന്ന മഹേന്ദ്രസിംങ്ങ് ധോനിയുടെ നേതൃപാടവത്തെയും കുംബ്ലൈ പ്രശംസിച്ചു.

“റാഞ്ചിയിൽ നിന്നുളള ഒരു വ്യക്തി ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തുടർച്ചയായി 10 വർഷം ക്യാപ്റ്റനായി ഇന്ത്യൻ ടീമിനെ നയിക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരാൾ പത്ത് വർഷം ഇന്ത്യൻ ക്യാപ്റ്റനായിരിക്കുകയെന്നത് ഇതുവരെ കേൾക്കാത്ത കാര്യമാണ്. സ്‌പോർട്സിന്റെ തന്നെ മികച്ച അംബാസിഡറാണ് ധോണി”- ഇന്ത്യൻ സ്‌പിന്നർ പറഞ്ഞു.

“ധോണി എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് മനസിലാക്കൻ കഴിയില്ല. മനക്കരുത്ത് കൊണ്ടാണ് അദ്ദേഹം ടീമിനെ നയിക്കുന്നതും കളിക്കുന്നതും. രണ്ട് ലേകകപ്പുകൾ, ചാമ്പ്യൻസ് ട്രോഫി കിരീടം, ടെസ്റ്റിൽ ഒന്നാം സ്ഥാനം ഇതിൽ കൂടുതൽ അദ്ദേഹത്തിൽ നിന്ന് ആവശ്യപ്പെടനാവില്ലെന്നും” മുൻ ബൗളർ കൂടിയായ അനിൽ കുംബ്ലെ പറയുന്നു.

ഒരു കോച്ചെന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ഒരു കളിക്കാരൻ നന്നായി കളിക്കില്ലെന്നും ടീമിലില്ലെന്നും പറയുന്നതുമാണെന്ന് കുംബ്ലെ പറഞ്ഞു. എന്നാൽ ക്രിക്കറ്റിൽ പല കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ