ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമൊനപ്പം പരിശീലകൻ അനിൽ കുംബ്ലെ പുറപ്പെട്ടില്ല. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. എന്നാൽ പരിശീലക സ്ഥാനത്ത് നിന്ന് കുംബ്ലെ സ്വയം ഒഴിയുവാനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണ് സൂചന. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക സമ്മേളനം ജൂൺ 23 വരെയാണ് നടക്കുന്നത്. എന്നാൽ ജൂൺ 23നാണ് ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിലെ ആദ്യ മത്സരം നടക്കുന്നത്. ഐസിസി യോഗത്തിനുശേഷം കുംബ്ലെ ഇന്ത്യൻ ടീമിനൊപ്പം ചേരുമോയെന്നതു വ്യക്തമല്ല. കോഹ്‍ലി– കുംബ്ലെ തർക്കം മൂർച്ചിച്ചതാണു ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു കാരണമെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റൻഡീസ് പര്യടനത്തിലും കുംബ്ലെ ഇന്ത്യൻ പരിശീലകനായി തുടരുമെന്ന് ബിസിസിഐയുടെ താത്ക്കാലിക ഭരണ സമിതി അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം അടുത്ത ദിവസം നടക്കും. വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവർ പരീശീക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനിൽ കുംബ്ലെയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ