/indian-express-malayalam/media/media_files/uploads/2017/06/harbhajan-kumble-m.jpg)
15 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയിൽ ഒരു കളിക്കാരനുമായും അനിൽ കുബ്ലെ തർക്കിക്കുന്നത് കണ്ടിട്ടില്ലെന്ന് ഹർഭജൻ സിങ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും കോച്ച് അനിൽ കുബ്ലെയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾക്കുപിന്നാലെയാണ് കുബ്ലെയെ പിന്തുണച്ചുളള ഹർഭജന്റെ വാക്കുകൾ.
''15 വർഷം കുബ്ലെയ്ക്കൊപ്പം കളിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽപ്പോലും അദ്ദേഹവുമായി തർക്കം ഉണ്ടായിട്ടില്ല. അദ്ദേഹം ആരുമായും തർക്കിക്കുന്നതും കണ്ടിട്ടില്ല. മികച്ച ബോളറാണ് കുബ്ലെ. ബോളിങ്ങിൽ എന്തു സംശയമുണ്ടെങ്കിലും കുബ്ലെ സഹായിക്കും. ബോളിങ്ങിൽ കുബ്ലെയ്ക്ക് നല്ല പരിജ്ഞാനമുണ്ട്. എന്നെ നല്ലൊരു ബോളറാക്കി മാറ്റിയതിൽ കുബ്ലെയ്ക്ക് നല്ല പങ്കുണ്ട്. അതിൽ ഞാനദ്ദേഹത്തോട് നന്ദി പറയുന്നു''- ആജ് തക് സലാം ക്രിക്കറ്റ് ചടങ്ങിൽ ഹർഭജൻ പറഞ്ഞു.
''ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പരിശീലകനാണ് കുബ്ലെ. അദ്ദേഹത്തോട് ക്രിക്കറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തും ചോദിക്കാം. കഠിനാധ്വാനിയാണ്. കളിയിലെ അവസാന പന്തിൽപ്പോലും മൽസരം വിജയിക്കാനാകുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. ഒരു കോച്ചെന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയുടെ പ്രകടനം പരിശോധിച്ചാൽ കുബ്ലെയുടെ പരിശീലന മികവ് മനസ്സിലാകും''.
''നിലവിലെ ടീമിന്റെ ഭാഗമല്ലാത്തതിനാൽ കുബ്ലെ ടീമിനെ എങ്ങനെയാണ് പരിശീലിപ്പിക്കുന്നതെന്നറിയില്ല. അതിനെക്കുറിച്ച് ഞാൻ മറ്റു കളിക്കാരോട് സംസാരിച്ചിട്ടുമില്ല. ആർക്കെങ്കിലും അദ്ദേഹവുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാം. ഏവരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എന്റെ അനുഭവത്തിൽനിന്നാണ് ഞാൻ ഇത് പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനുളള ഒരേയൊരു വഴി പരസ്പരം സംസാരിക്കുക മാത്രമാണെന്നും'' ഹർഭജൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.