മുംബൈ: ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുബ്ലെ രാജി വെച്ചതിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രണ്ട് ദിവസമായി ഉയർന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ആദ്യമായി വിഷയത്തിൽ കോഹ്‌ലി മൗനം വെടിഞ്ഞിരിക്കുകയാണ്. ‘അനിൽ ഭായ് രാജി വെച്ചൊഴിയാനുള്ള തീരുമാനം എടുത്തിരിക്കുന്നു. ഞങ്ങൾ ആ തീരുമാനത്തെ അംഗീകരിക്കുന്നു’ എന്നാണ് കോഹ്‌ലി വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസുമായുള്ള പര്യടനത്തിന് മുൻപായി കുംബ്ലെയുടെ രാജി വിഷയത്തിൽ ചെറുതായി പ്രതികരിക്കാൻ കോഹ്‌ലി തയ്യാറായിരിക്കുകയാണ്. ഡ്രസിങ് റൂമിൽ എന്തൊക്കെ സംഭവിച്ചാലും അത് സ്വകാര്യമായിരിക്കുമെന്നാണ് കോഹ്‌ലി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം കൂടുതൽ നന്നായി കൈകാര്യം ചെയ്യാമായിരുന്നു എന്ന് തോന്നുന്നുണ്ടോ?

‘തീർച്ചയായും അനിൽ ഭായ്(അനിൽ കുബ്ലെ) അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കഴിഞ്ഞു. രാജി വെക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഞങ്ങൾ ആ തീരുമാനത്തെ ബഹുമാനിക്കുന്നു. ചാന്പ്യൻസ് ട്രോഫി ടൂർണമെന്റിന് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്. 11 തവണയാണ് ചാന്പ്യൻസ് ട്രോഫിക്കിടെ ഞാൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. കഴിഞ്ഞ മൂന്ന് നാല് വർഷം കൊണ്ട് ഡ്രസിങ് റൂമിൽ എന്ത് നടന്നാലും അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിലാണ് എല്ലാ ടീമംഗങ്ങളും വിശ്വസിക്കുന്നത്. ഞങ്ങൾക്ക് അതാണ് പരമ പ്രധാനമായത്. ഞാനും അതിനെ ബഹുമാനിക്കുന്നു. അത് നിലനിർത്താൻ ശ്രമിക്കുന്നു. ഞാൻ പറഞ്ഞത് പോലെ ഇതാണ് അദ്ദേഹത്തിന്റേയും അഭിപ്രായം, ഞങ്ങൾ അത് ബഹുമാനിക്കുന്നു. കുംബ്ലെ എന്ന ക്രിക്കറ്റ് കളിക്കാരനോടും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളോടും എനിക്ക് തികഞ്ഞ ബഹുമാനം മാത്രമാണുള്ളത്.’

അദ്ദേഹത്തിന്റെ സമീപനം കളിക്കാരെയും കളിയേയും എങ്ങനെയാണ് ബാധിച്ചത്?

‘ഞാൻ പറഞ്ഞത് പോലെ എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം ഡ്രസിങ് റൂമിന്റെ പവിത്രത നിലനിർത്തുക എന്നതാണ്. ചെയ്ഞ്ച് റൂമിൽ സംഭവിക്കുന്ന കാര്യങ്ങൾ ഞങ്ങളെ സംബന്ധിച്ച് ദിവ്യമായതും തികച്ചും സ്വകാര്യമായതും ആണ്. അതുകൊണ്ട് തന്നെ അവിടത്തെ കാര്യങ്ങൾ പൊതു ചർച്ചക്കായി ഞങ്ങൾ തുറന്ന് പറയാറില്ല. ഞാൻ പറഞ്ഞില്ലേ, അദ്ദേഹത്തിന്റെ വീക്ഷണകോൺ വ്യക്തമായി, ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു’

കഴിഞ്ഞ ദിവസമാണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തു​നി​ന്നും അ​നി​ൽ കും​ബ്ലെ രാ​ജി​വെ​ച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമൊനൊപ്പം കുംബ്ലെ പോകില്ലെന്ന് അറിയിച്ചിരുന്നു. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഇന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം അടുത്ത ദിവസം നടക്കും. വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവർ പരീശീക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനിൽ കുംബ്ലെയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക.

അനില്‍ കുംബ്ലെ രാജിവെച്ചില്ലെങ്കിൽ വിരാട് കോഹ്‍ലി നായക സ്ഥാനം ഒഴിയുമെന്ന് ഭീഷണി മുളക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരരുതെന്നും പകരക്കാരനെ ബിസിസിഐ കണ്ടെത്തിയേ തീരുവെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു കൊഹ്‍ലി എന്നായിരുന്നു പ്രചരിച്ചിരുന്ന അഭ്യൂഹം.

വിനോദ് റായ് അധ്യക്ഷനായ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെയും ബിസിസിഐയെയും സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരടങ്ങിയ ‘ബിഗ് ത്രീ’യെയും ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നതായാണ് അറിയുന്നത്. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരട്ടെ എന്ന ഉപദേശക സമിതിയുടെ നിര്‍ദേശം നടപ്പിലായിരുന്നെങ്കില്‍ നായക സ്ഥാനം ഉപേക്ഷിക്കുമെന്ന് കൊഹ്‍ലി അവരെ അറിയിക്കുകയായിരുന്നു – റിപ്പോര്‍ട്ട് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook