വിരാട് കോഹ്‌ലിയുമായുള്ള വഴക്കിന് നാല് വർഷത്തിന് ശേഷം, അനിൽ കുംബ്ലെ വീണ്ടും ബിസിസിഐയുടെ റഡാറിൽ

നിലവിൽ ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ പരിശീലകനും ഡയറക്ടറുമായാണ് കുംബ്ലെ പ്രവർത്തിക്കുന്നത്

മുംബൈ: വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ അനിൽ കുംബ്ലെ. അടുത്ത മാസം ആരംഭിക്കുന്ന ടി 20 ലോകകപ്പിന് ശേഷം രവിശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ എന്നിവരുടെ കരാർ കാലാവധി അവസാനിക്കാനിരിക്കെയാണ് അനിൽ കുംബ്ലെയെ പരിഗണിക്കുന്നത്. വീണ്ടും മുഖ്യപരിശീലകനാകുന്നതിന് ബിസിസിഐ അനിൽ കുംബ്ലെയെ സമീപിക്കാനൊരുങ്ങുന്നതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു.

ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഇതിഹാസ ലെഗ് സ്പിന്നറുമായ കുംബ്ലെ 2016-17 കാലഘട്ടത്തിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു. കോഹ്ലിയുമായുണ്ടായ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കുംബ്ലെ അന്ന് സ്ഥാനമായൊഴിഞ്ഞത്.

മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ യുഎഇയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ ടീമിന്റെ ഉപദേഷ്ടാവായി ബിസിസിഐ പ്രഖ്യാപിച്ചതിന് ഒരാഴ്ചക്ക് ശേഷം, വ്യാഴാഴ്ച, കോഹ്‌ലി ലോകകപ്പിന് ശേഷം ടി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിക്കുകയും അത് വ്യത്യസ്ത ഫോർമാറ്റുകളിലായി രണ്ട് ക്യാപ്റ്റന്മാർ എന്നതിലേക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

നാല് വർഷം മുമ്പ് കുംബ്ലെ സ്ഥാനമൊഴിഞ്ഞ ശേഷം, ശാസ്ത്രിയെ പകരക്കാരനായി നിയമിക്കുന്നതിന് മുൻ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ കമ്മിറ്റിയെ സ്വാധീനിക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ, സുപ്രീം കോടതി നിയോഗിച്ച പാനലിന്റെ ശുപാർശകൾ നടപ്പിലാക്കി മുന്നോട്ട് പോകുമ്പോൾ, കുംബ്ലെയെ തിരികെ കൊണ്ടുവരാനുള്ള വഴികൾ പുതിയ കമ്മിറ്റി തേടുന്നുണ്ടെന്നാണ് വിവരം.

Also read: ആഗ്രഹിച്ചതെല്ലാം നേടി, പടിയിറക്കം ഉചിതമായ സമയത്ത്: ശാസ്ത്രി

കോഹ്ലി ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ ടീമിന് ഒരു പുതിയ പരിശീലകൻ ആവശ്യമാണെന്നാണ് ബിസിസിഐ കരുതുന്നത്. കോഹ്ലിയുടെ പ്രഖ്യാപനത്തിന് ശേഷം, ടീം ഇന്ത്യയ്ക്കായി ബിസിസിഐക്ക് വ്യക്തമായ മാർഗരേഖയുണ്ടെന്ന് സെക്രട്ടറി ജയ് ഷാ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

2017ൽ കോഹ്‌ലിയുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരണമെന്നതായിരുന്നു സൗരവ് ഗാംഗുലിയുടെ ആഗ്രഹം എന്നാണ് പറയപ്പെടുന്നത്. അന്ന് ബിസിസിഐയുടെ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി (സിഐസി) അംഗമായിരുന്നു ഗാംഗുലി.

2016 ജൂണിലാണ് കുംബ്ലെ പരിശീലക കുപ്പായം അണിഞ്ഞത്. കുംബ്ലെയുടെ പരിശീലന കാലയളവിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയതും പാകിസ്ഥാനോട് തോറ്റതും. നിലവിൽ ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ പരിശീലകനും ഡയറക്ടറുമായാണ് കുംബ്ലെ പ്രവർത്തിക്കുന്നത്.

കുംബ്ലെയെ സമീപിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ്, ബിസിസിഐ മുൻ ശ്രീലങ്കൻ ക്യാപ്റ്റനും നിലവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർധനയെ സമീപിച്ചിരുന്നു. എന്നാൽ, മുംബൈ ഇന്ത്യൻസിനെ ഒന്നിലധികം ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ജയവർധനയ്ക്ക് ശ്രീലങ്കൻ ടീമിനെയും ഐപിഎൽ ഫ്രാഞ്ചൈസിയെയും പരിശീലിപ്പിക്കാനാണ് താൽപ്പര്യമെന്ന് അറിയിച്ചതായാണ് വിവരം.

ബിസിസിഐ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം രണ്ടു പദവികൾ വഹിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ കുംബ്ലെ ഇന്ത്യൻ ടീം പരിശീലകനാവുകയാണെങ്കിൽ പഞ്ചാബ് കിങ്സിൽ നിന്നും സ്ഥാനമൊഴിയേണ്ടി വരും. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവൻ കൂടിയാണ് അദ്ദേഹം.

2016ൽ കുംബ്ലെ പരിശീലകനായപ്പോൾ കോഹ്ലി-കുംബ്ലെ ടീം ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവാകും എന്നാണ് കരുതിയിരുന്നത് എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇരുവർക്കുമിടയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. അനിൽ കുംബ്ലെയുടെ രാജി കത്തിൽ അത് പ്രകടമായിരുന്നു.

കുംബ്ലെ പരിശീലകനായപ്പോൾ ഇൻസ്റ്റാഗ്രാമിൽ സ്വാഗതം ചെയ്ത് കുറിപ്പിട്ട കോഹ്ലി രാജിക്ക് ശേഷം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Anil kumble bcci kohli fallout india head coach radar

Next Story
ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലിvirat kohli, kohli, kohli rohit, kohli india, kohli t20 world cup, india vs england, ind vs eng, t20 world cup, cricket news, വിരാട് കോഹ്‌ലി, കോഹ്‌ലി, രോഹിത്, കോഹ്‌ലി രോഹിത്, കോഹ്‌ലി ഇന്ത്യ, കോഹ്‌ലി ടി 20 ലോകകപ്പ്, ഇന്ത്യ ഇംഗ്ലണ്ട്, ടി20 ലോകകപ്പ്, ക്രിക്കറ്റ് വാർത്ത, IE MALAYALAM
The moderation of comments is automated and not cleared manually by malayalam.indianexpress.com