കൊളംബോ: സിംബാബ്‌വേക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സ്ഥാനത്ത് നിന്ന് ഏയ്ഞ്ചലോ മാത്യൂസ് രാജിവച്ചു. സ്വന്തം നാട്ടില്‍ നടന്ന മല്‍സരത്തില്‍ 3-2നാണ് സിംബാബ്‌വേക്ക് മുന്നില്‍ ലങ്ക പരമ്പര കൈവിട്ടത്. 30 കാരനായ മാത്യൂസ് മൂന്ന് ഫോര്‍മാറ്റിലെ നായക പദവിയും രാജിവച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

മാത്യൂസിന് പകരം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ദിനേശ് ചണ്ഡിമലിനെയും ഏകദിന, ട്വന്റി-20 ക്യാപ്റ്റനായി ഉപുല്‍ തരംഗയെയും നിയമിച്ചു. ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് മുക്തനായിട്ടില്ലെന്നും തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അതെന്നും രാജിക്കത്ത് കൈമാറി എയ്ഞ്ചലോ മാത്യൂസ് വ്യക്തമാക്കി.

‘കഴിഞ്ഞ കുറച്ചു മാസങ്ങളായി ശ്രീലങ്കന്‍ ടീമിന്റെ പരാജയം കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുകയാണ്. രണ്ടു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് ടീമിനെ തയ്യാറെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പൊഴേ തുടങ്ങണം. പുതിയ ക്യാപ്റ്റനെ ദൗത്യം ഏല്‍പ്പിക്കണം.’ എയ്ഞ്ചലോ മാത്യൂസ് വ്യക്തമാക്കി.

ശ്രീലങ്കന്‍ മണ്ണില്‍ പുതുചരിത്രം രചിച്ചായിരുന്നു സിംബാബ്‌വെ ഏകദിന പരമ്പര സ്വന്തമാക്കിയത്. അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച് അക്ഷരാര്‍ത്ഥത്തില്‍ സിംബാബ്വെന്‍ ക്രിക്കറ്റ് ടീം ഉയര്‍ത്തെഴുന്നേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ