മൊഹാലി: ഓരോ പന്തിലും ആവേശം നിറഞ്ഞതാണ് ഐപിഎല്‍. ഏത് നിമിഷമാണ് കളിയുടെ ഗതി മാറുന്നത് എന്നറിയില്ല. അതുകൊണ്ട് തന്നെ ഒരു സിംഗിള്‍ പോലും വിട്ടു കൊടുക്കാന്‍ ഫീല്‍ഡര്‍മാര്‍ തയ്യാറാകില്ല. താരങ്ങളുടെ ഈ പോരാട്ടം കാണികള്‍ക്ക് സമ്മാനിക്കുക ത്രില്ലിംഗ് നിമിഷങ്ങളായിരുന്നു. അത്തരത്തിലൊരു കംപ്ലീറ്റ് ത്രില്ലറായിരുന്നു ഇന്നത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരം.

കെഎല്‍ രാഹുലിന്റെ അതിവേഗ അര്‍ധസെഞ്ച്വറിയും കരുണ്‍ നായരുടെ അര്‍ധസെഞ്ച്വറിയുമെല്ലാം മത്സരത്തിലെ ആവേശക്കാഴ്ച്ചകളായിരുന്നു. ഇതിനിടെ ഫീല്‍ഡിംഗിലും പഞ്ചാബ് താരങ്ങള്‍ തിളങ്ങി. പാഞ്ചാബിന്റെ ആന്‍ഡ്രൂ ടൈയുടെ ബൗണ്ടറി ലൈനിനരികിലുള്ള സേവ് കയ്യടി ഏറ്റുവാങ്ങി. ഡല്‍ഹി താരം ക്രിസ് മോറിസിന്റെ ബൗണ്ടറിയെന്ന് ഉറച്ച ഷോട്ട് തടയാന്‍ പാഞ്ഞടുത്ത ടൈ പന്തിനായി എടുത്ത് ചാടുകയായിരുന്നു. പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ നിന്നാല്‍ പിടിവിട്ടു പോകുമെന്ന് മനസിലാക്കിയ ടൈ കാലുകള്‍ കൊണ്ട് പന്ത് തടയുകയും മുന്നോട്ട് തട്ടിയിടുകയുമായിരുന്നു.

അപ്പോഴേക്കും അവിടേക്ക് പാഞ്ഞെത്തിയ സ്റ്റോയിനിസ് പന്ത് ഡൈവ് ചെയ്ത് ബൗണ്ടറിയാകുന്നതില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഇരുവരുടേയും പ്രകടനം കാണികളുടെ കയ്യടി ഏറ്റവുങ്ങി. അതേസമയം, അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഓരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറി കടക്കുകയാണ്.

ട്വന്റി-20 ചരിത്രത്തിലെ നാലാമത്തേയും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതുമായ അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തന്നെയാണ് പഞ്ചാബ് നിരയിലെ താരം. 14 പന്തില്‍ നിന്നുമായിരുന്നു രാഹുലിന്റെ അര്‍ധസെഞ്ച്വറി. ആറ് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. അര്‍ധസെഞ്ച്വറി നേടിയ കരുണ്‍ നായരും 24 റണ്‍സെടുത്ത ഡേവിഡ് മില്ലറും 22 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസും ചേര്‍ന്ന് പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ അര്‍ധസെഞ്ച്വറി നേടിയ ഗൗതം ഗംഭീറിന്റെ പ്രകടനമാണ് ഡല്‍ഹിയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 55 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. അരങ്ങേറ്റ മത്സരം കളിച്ച അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കുള്ള ഗംഭീറിന്റെ മടങ്ങി വരവ് പരാജയത്തോടെയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ