ആന്റിഗ്വ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ്വമായ പ്രകടനത്തിലൂടെ ടീമിന് വിജയം സമ്മാനിച്ച് കിറോണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ആമസോണ്‍ വാരിയേഴ്സിനെതിരെ ആയിരുന്നു സെന്റ് ലൂസിയ സ്റ്റാര്‍സിന്റെ നായകന്‍ കൂടിയായ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. തോറ്റാല്‍ പുറത്താകുമെന്ന ഭീഷണിയില്‍ കളിക്കാനിറങ്ങിയ സ്റ്റാര്‍സിനായി ഒരോവറില്‍ 30 റണ്‍സടിച്ചാണ് പൊള്ളാര്‍ഡ് ടീിനെ കൈപിടിച്ചുയര്‍ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് 20 ഓവറില്‍ 140 റണ്‍സടിച്ചു. ലൂക്ക് റോഞ്ചിയുടെ പ്രകടനം ടീമിന് ഊര്‍ജ്ജം സമ്മാനിച്ചു. 9 പന്തില്‍ 24 റണ്‍സടിച്ച് അദ്ദേഹം ഓപ്പണിംഗ് വിക്കറ്റില്‍ ശ്വാസം നല്‍കി. എന്നാല്‍ റോഞ്ചി വീണതോടെ മറ്റ് രണ്ട് പേര്‍ കൂടി കൂടാരം കയറി. 41 റണ്‍സിനിടെ 3 വിക്കറ്റുകളാണ് ആമസോണിന് നഷ്ടമായത്. എന്നാല്‍ കാമറോണ്‍ ഡെല്‍പോര്‍ട്ട് 25 റണ്‍സെടുത്തു. തുടര്‍ന്ന് വന്നവരും ഭേദപ്പെട്ട റണ്‍സുകള്‍ നേടി 140 റണ്‍സിലെത്തിച്ചു.
ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ സ്റ്റാര്‍സിന് മികച്ചതുടക്കമല്ല ലഭിച്ചത്. ഓവറില്‍ ആറ് റണ്‍സ് ശരാശരിയില്‍ സ്കോര്‍ ചെയ്ത സ്റ്റാര്‍സ് അവസാനം സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. മൂന്നോവറില്‍ 31 റണ്‍സ് ജയത്തിലേക്ക് വേണമെന്ന സമ്മര്‍ദ്ദ ഘട്ടത്തിലായിരുന്നു പൊള്ളാര്‍ഡ് അടിച്ചു തകര്‍ത്തത്.
ദേവേന്ദ്ര ബിഷു എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയും നേടിയാണ് പൊള്ളാര്‍ഡ് കളി കൈക്കലാക്കിയത്. 18 പന്തില്‍ 41 റണ്‍സെടുത്ത പുറത്താകാതെ നിന്ന പൊള്ളാര്‍ഡും 45 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ ഫ്ലെച്ചറും ചേര്‍ന്ന് ടൂര്‍ണമെന്റില്‍ സ്റ്റാര്‍സിന്റെ സാധ്യതകള്‍ നിലനിര്‍ത്തി.