കൊച്ചി: മലയാളി താരം സികെ വിനീത് ടീം വിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. മലയാളിയും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരവുമായ അനസ് എടത്തൊടിക ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അനസിനെ ടീമിലെത്തിക്കാനുള്ള ചരടുവലികള്‍ ടീം അധികൃതര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജെംഷഡ്പൂര്‍ എഫ്‌സിയുടെ താരമാണ് അനസ്. എന്നാല്‍ പരിക്കുമൂലം താരത്തിന് ഐഎസ്എല്ലില്‍ പലപ്പോഴും കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയാന്‍ അനസ് താല്‍പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ അനസിനെ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിച്ചാല്‍ അത് ടീമിന്റെ പ്രതിരോധത്തെ കൂടുതല്‍ ശക്തമാക്കും. അതേസമയം, വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
നേരത്തെ സികെ വിനീതിനെ എടികെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചതായിരുന്നു വിനീതിനെ. ഈ സീസണില്‍ ടീം നിലനിര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു വിനീത്. എന്നാല്‍ താരം ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പലപ്പോഴും ചില ഒറ്റപ്പെട്ട പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയി. ഇതോടെയായിരുന്നു താരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
വിനീതുമായി എടികെ മാനേജുമെന്റ് ചര്‍ച്ച നടത്തിയെന്നും ഏറെക്കുറെ ഇരുകൂട്ടരും ധാരണയിലെത്തിയതായുമാണ് റിപ്പോര്‍ട്ട്. അതേസമയം, താരമോ ടീം അധികൃതരോ ഇതിനെ കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. രണ്ട് കോടിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തെ ട്രാന്‍സ്ഫര്‍ ഫീസില്ലാതെ കൈമാറാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നും ഗോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.