കൊച്ചി: മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്‌സില്‍. അടുത്ത സീസണ്‍ മുതല്‍ അനസ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കും. താരം ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ടതായി പ്രശസ്ത സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അനസ് എത്തുന്നതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാകും. നായകന്‍ സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധത്തിലെ വന്‍ മതിലായി മാറാന്‍ അനസിന് കഴിയുമെന്നുറപ്പാണ്. അതേസമയം, സ്വന്തം നാടിന്റെ ടീമായ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച താരമാണ് അനസ്.

ഇതോടെ സഫലമായത് അനസിന്റെ ആ സ്വപ്‌നം കൂടിയാണ്. കഴിഞ്ഞ സീസണില്‍ വന്‍ തുകയ്ക്കാണ് കോപ്പലാശാന്റെ ജംഷഡ്പൂര്‍ എഫ്‌സി അനസിനെ ടീമലെത്തിച്ചത്. എന്നാല്‍ താരത്തിന് പരുക്കു മൂലം മിക്ക മൽസരങ്ങളും കളിക്കാന്‍ സാധിച്ചിരുന്നില്ല. കോപ്പലിന്റെ കീഴില്‍ ഉരുക്കു നഗരത്തിന്റെ ടീമില്‍ വെറും എട്ട് മൽസരങ്ങള്‍ മാത്രമേ അനസിന് കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

മൂന്ന് സീസണിലുമായി 30 ഐഎസ്എല്‍ മൽസരങ്ങള്‍ കളിച്ചിട്ടുള്ള അനസ് ഇന്ത്യന്‍ കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റ്റിയന്റെ പ്രിയ താരങ്ങളിലൊരാളാണ്. ജഷംഡ്പൂരിലെത്തും മുമ്പ് രണ്ട് സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു ഈ മലപ്പുറംകാരന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ