മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ നമ്പര്‍ വണ്‍ പ്രതിരോധതാരമാണ് അനസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരം. എന്നാല്‍ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അപ്പുറം അധികമാര്‍ക്കും അറിയാത്ത ഒരു ഭൂതകാലമുണ്ട് അനസിന്. ഉപജീവനത്തിനായി ഓട്ടോ ഓടിച്ച ദാരിദ്ര്യത്തിന്‍റേതായ ഒരു കാലം. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതടക്കമുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അനസ് മടങ്ങിപ്പോയത് അത്തരമൊരു കാലത്തേക്കായിരുന്നു. തന്റെ കരുത്തുറ്റ ശരീരവും ആത്മവിശ്വാസവും കൈമുതലാക്കി ഏത് വന്‍മുന്നേറ്റത്തേയും തടുക്കുന്ന ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്റ്റോപ്പര്‍ ബാക്കിന്റെ മനസ് പിടഞ്ഞ നിമിഷങ്ങള്‍.
“എന്റെ ബ്രദർ കാന്‍സര്‍ ഡിസീസിലാണ് മരണപ്പെട്ടത്… അന്ന് എന്റെ ലൈഫില്‍ തീര്‍ച്ചയായിട്ടും പണമില്ലാത്ത ഒരു കാരണമുണ്ടായിരുന്നു.. ഇപ്പോള്‍ എന്റെ ഉമ്മയും കാന്‍സര്‍ രോഗിയാണ്… ഒരുപാട് പേര്‍ കാശില്ലാതെ മുന്നില്‍ നിൽക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്…ഒരു കീമോ ഇഞ്ചക്ഷന് 2500 രൂപയാണ്. അത് ഇല്ലാത്തത് കൊണ്ട് മെഡിക്കല്‍ കൊളേജിന്റെ മുന്നില്‍ നൂറ് രൂപയ്ക്ക് വേണ്ടി നടക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ പരിപാടിക്ക് എല്ലാവിധ ആശംസകളുമായി ഞാന്‍ നിര്‍ത്തുന്നു..” ഇടറുന്ന ശബ്ദത്തില്‍ കണ്ണുനീര്‍ മറച്ചുവയ്ക്കാതെ അനസ് പറഞ്ഞു.
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ കാന്‍സര്‍ ചികിത്സിക്കാന്‍ പണമുണ്ടായിരുന്നില്ല എന്ന് പറയുന്ന അനസ് നിര്‍ത്തുന്നത് അതേ അസുഖം ഉമ്മാക്ക് ഉണ്ടെങ്കിലും ഇപ്പോൾ തന്നെക്കൊണ്ട് ചികിൽസിക്കാൻ കഴിവുണ്ടെന്ന അഭിമാനത്തോടെയാണ്.
ബുദ്ധിമുട്ടുകള്‍ക്കിടയിലും മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ ആരവമുയര്‍ത്തിയ അനസ് 2011ല്‍ പുണെ എഫ്‌സിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്ത് പ്രവേശിക്കുന്നത്. 2013ല്‍ ക്ലബ്ബിന്‍റെ നായകസ്ഥാനത്തു നിന്നും അനസ് പടിയിറങ്ങിയത് എക്കാലത്തെയും പ്രിയപ്പെട്ട ഡിഫണ്ടര്‍മാരിലൊരാളായ റോബര്‍ട്ടോ കാര്‍ലോസിന്‍റെ ടീമിനായി ബൂട്ടണിയാനായിരുന്നു.
വൈകിയാണ് എങ്കിലും 2017ലാണ് അനസിനെ കാത്ത് ഇന്ത്യന്‍ ടീം ജേഴ്സിയെത്തുന്നത്. അന്ന് മുതല്‍ ദേശീയ ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് ഈ മുപ്പത്തിയൊന്നുകാരന്‍. ഐഎസ്എല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്സിക്കു വേണ്ടി കളിച്ച താരം ഈ സീസണില്‍ ബൂട്ടണിയുക കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടിയാകും. തന്മയത്വത്തോടെയുള്ള ടാക്കിളുകളിലും ഹെഡ്ഡറുകളിലും പ്രതിജ്ഞാബദ്ധമായ ക്ലിയറന്‍സുകളിലുമുള്ള അനസ് എടത്തോടിക്ക എന്ന ഫുട്ബോളിങ് സൗന്ദര്യത്തിന്റെ വാക്കുകള്‍ നിങ്ങളുടെ കണ്ണുകളെയും ഈറനണിയിക്കും.