കൊച്ചി: ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ഏഷ്യന്‍ കപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് മലയാളി താരമായ അനസ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അനസ് ആരാധകരെ വിവരം അറിയിച്ചത്. ഏറെ കഠിനമായ തീരുമാനം എന്നാണ് അനസ് വിരമിക്കലിനെ കുറിച്ച് പറയുന്നത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായെന്നും അനസ് പറയുന്നു.
Also Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്‍ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് 2017 ലായിരുന്നു ഇന്ത്യന്‍ ടീമിലെത്തുന്നത്. 19 മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധത്തില്‍ അനസുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ തനിക്ക് 11 വര്‍ഷം വേണ്ടി വന്നെന്നും രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്നും അനസ് പറഞ്ഞു. ചെറിയ യാത്രയായിരുന്നുവെങ്കിലും തന്റെ 100 ശതമാനവും ടീമിനായി നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും അനസ് പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ ബഹ്‌റെയ്‌നെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പരുക്കേറ്റ് അനസ് കളം വിട്ടിരുന്നു. ആ പരുക്ക് തന്നെ എന്നും വേദനിപ്പിക്കുമെന്നും അനസ് പറഞ്ഞു.
Also Read: രഞ്ജി ട്രോഫി: ഗുജറാത്തിനെ പിടിച്ചുകെട്ടി കേരളം
തന്നില്‍ വിശ്വാസ അര്‍പ്പിച്ച പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റ്റൈനിനോടും സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും ആരാധകരോടും മറ്റും നന്ദി പറയുന്നതായും അനസ് പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ പ്രതിരോധ കോട്ടയില്‍ പങ്കാളിയായ സന്ദേശ് ജിങ്കനൊപ്പം കളിക്കാന്‍ സാധിച്ചതിനെ കുറിച്ചും അനസ് പറയുന്നുണ്ട്. ജെജെയും അനസ് പോസ്റ്റില്‍ എടുത്തു പറയുന്നുണ്ട്.