കൊച്ചി: താരങ്ങള്‍ പലരും ടീം വിടുകയാണെന്ന വാര്‍ത്തകള്‍ക്കിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സ് നരിയിലേക്ക് ഒരു മലയാളി താരം കൂടി എത്തുകയാണ്. തൃശ്ശൂരുകാരന്‍ അനന്ദു മുരളി ബ്ലാസ്റ്റേഴ്‌സില്‍.

ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമിലേക്കാണ് അനന്ദു എത്തിയിരിക്കുന്നത്. നേരത്തെ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി അനന്ദു കളിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് അനന്ദു. തൃശ്ശൂര്‍ റെഡ് സ്റ്റാറിലൂടെയാണ് അനന്ദു കാല്‍പ്പന്തിന്റെ ലോകത്ത് ശ്രദ്ധേയനാകുന്നത്. 2013 ല്‍ ബയേണ്‍ മ്യൂണിക്കില്‍ പരിശീലനം നടത്താനും അവസരം ലഭിച്ചിരുന്നു.

ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പിലും അനന്ദു ഉണ്ടായിരുന്നു. ഐ ലീഗിലെ കേരളാ ടീമായ ഗോകുലം എഫ്‌സിയ്ക്കായും താരം കളിച്ചിട്ടുണ്ട്. നേരത്തെ മലയാളിയും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരവുമായ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനസിനെ ടീമിലെത്തിക്കാനുള്ള ചരടുവലികള്‍ ടീം അധികൃതര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജെംഷഡ്പൂര്‍ എഫ്സിയുടെ താരമാണ് അനസ്. എന്നാല്‍ പരിക്കുമൂലം താരത്തിന് ഐഎസ്എല്ലില്‍ പലപ്പോഴും കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

സികെ വിനീതിനെ എടികെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചതായിരുന്നു വിനീതിനെ. ഈ സീസണില്‍ ടീം നിലനിര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു വിനീത്. എന്നാല്‍ താരം ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. പലപ്പോഴും ചില ഒറ്റപ്പെട്ട പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയി. ഇതോടെയായിരുന്നു താരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ