പതിനഞ്ച് വർഷക്കാലം ഓറഞ്ച് കുപ്പായത്തിൽ നെതർലൻഡ്സ് മധ്യനിരയിൽ തന്ത്രങ്ങൾ മെനഞ്ഞ മാന്ത്രികനായിരുന്നു വെസ്‍ലി സ്നെയ്തർ. സംഭവബഹുലമായ തന്റെ കരിയറിന് അവസാനം കുറിച്ചിരിക്കുകയാണ് താരം. ഇന്നലെ പെറുവിനെതിരെയായിരുന്നു സ്നെയ്തറുടെ വിടവാങ്ങൽ മത്സരം. മത്സരശേഷം താരത്തിന് നൽകിയ വ്യത്യസ്തമായ വിടവാങ്ങൽ ചടങ്ങായിരുന്നു ഇന്നലെ ഫുട്ബോൾ ലോകത്ത് ചർച്ച വിഷയം.

മത്സരശേഷം താരത്തെ വാരിപുണരാനും ആശംസകൾ അറിയിക്കാനും സഹതാരങ്ങൾ വളഞ്ഞപ്പോൾ മൈതാനത്തിന് നടുവിൽ ഒരു സ്വീകരണമുറി ഒരുങ്ങി. എല്ലാ സജ്ജീകരണങ്ങളോടുംകൂടിയ സ്വീകരണമുറി. സ്നെയ്തറും ഭാര്യയും രണ്ട് മക്കളും സോഫയിൽ ഇരുന്നതോടെ താത്കാലിക സ്വീകരണ മുറിയിലെ ടിവിയിൽ താരത്തിന്റെ സഹതാരങ്ങൾ ഓരോരുത്തരായി പ്രത്യക്ഷപ്പെട്ട് തുടങ്ങി. സ്നെയ്തർക്കുള്ള മുൻ സഹതാരങ്ങളുടെയും പരിശീലകരുടെയും സന്ദേശങ്ങളായിരുന്നു ടിവിയിൽ പ്രദർശിപ്പിച്ചത്.

അങ്ങനെ സ്വന്തം വീട്ടിലെന്ന പോലെ വ്യത്യസ്തമായൊരു യാത്രയയപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പെറുവിനെതിരെ വിജയിച്ച നെതർലൻഡ്സ് വിജയമടക്കമാണ് സ്നെയ്തർക്കായി ഒരുക്കിയത്. ബാനറുകളും പോസ്റ്ററുകളുമായി ഗ്യാലറിയിൽ ആരാധകരും നിറഞ്ഞതോടെ സ്നെയ്തറുടെ ഓർമ്മകളും മനസ്സും നിറഞ്ഞു.

34 കാരനായ സ്നെയ്തർ 2013ലാണ് ആദ്യമായി നെതർലൻഡ്സിനായി ബൂട്ട് കെട്ടുന്നത്. 134 മത്സരങ്ങളിൽ രാജ്യത്തിനായി കളത്തിലിറങ്ങിയ താരം 34 ഗോളുകളും കണ്ടെത്തിയിട്ടുണ്ട്. ജൂനിയർ ടീമിലൂടെ ദേശീയ സാനിധ്യമായി മാറിയ സ്നെയ്തർ മുൻ റയൽമാഡ്രിഡ് താരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook