ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ചിരിപ്പിച്ച സംഭവം അരങ്ങേറി. ഭുവനേശ്വർ കുമാറിന്റെ ബോളിൽനിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ലങ്കൻ താരം രങ്കണ ഹെറാത്തിനെ കണ്ടാണ് കോഹ്‌ലിക്ക് ചിരിയടക്കാനാവാതെ വന്നത്.

55-ാം ഓവറിന്റെ നാലാമത്തെ ബോൾ എറിഞ്ഞപ്പോഴായിരുന്നു സംഭവം. ഭുവിയുടെ ബോളിൽ വിക്കറ്റ് വീഴാതെ ഹെറാത്ത് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതു കണ്ട് മൈതാനത്ത് നിൽക്കുകയായിരുന്ന കോഹ്‌ലിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചിരി മറച്ചുപിടിക്കാൻ കോഹ്‌ലി നോക്കിയെങ്കിലും അതിനു കഴിയാതെ ഇന്ത്യൻ ക്യാപ്റ്റൻ ചിരിച്ചുപോയി.

ആദ്യ ഇന്നിങ്സിൽ 125 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോൾ 49 റൺസിന്റെ ലീഡ് ഉണ്ട്. അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും ലോകേഷ് രാഹുലുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്. കളി അവസാനിക്കുമ്പോൾ 73 റൺസോടെ കെ.എൽ രാഹുലും രണ്ടു റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ