scorecardresearch

അംലാന്‍ ബോര്‍ഗൊഹൈന്‍ ; ഇന്ത്യയുടെ പുതിയ വേഗരാജാവ്

ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ നടന്ന ഇന്റര്‍ റെയില്‍വെ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലാണ് അംലാന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്

അംലാന്‍ ബോര്‍ഗൊഹൈന്‍ ; ഇന്ത്യയുടെ പുതിയ വേഗരാജാവ്

ന്യൂഡല്‍ഹി: 100 മീറ്റിറില്‍ ദേശിയ റെക്കോര്‍ഡ് കുറിച്ച് അസം സ്വദേശിയായ അംലാന്‍ ബോര്‍ഗൊഹൈന്‍. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ നടന്ന ഇന്റര്‍ റെയില്‍വെ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 10.25 സെക്കന്‍ഡിലാണ് അംലാന്‍ ഫിനിഷ് ചെയ്യത്.

100 മീറ്ററില്‍ ഇതിന്‍ മുന്‍പത്തെ റെക്കോര്‍ഡ് പ്രകടനം അമിയ കുമാര്‍ മാലിക്കിന്റേതായിരുന്നു, 10.26 സെക്കന്‍ഡ്. ഇതുവരെയുള്ള അംലാന്റെ ഏറ്റവും മികച്ച സമയമാണിത്. ഈ വര്‍ഷം ആദ്യം 200 മീറ്ററിലും അംലാന്‍ ദേശിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. 20.52 സെക്കന്‍ഡിലാണ് താരം 200 മീറ്റര്‍ ഫിനിഷ് ചെയ്തത്.

10.34 എന്ന സമയത്തില്‍ നിന്ന് 10.25 ലേക്കെത്തിയത് കഴിഞ്ഞ മൂന്ന് മാസത്തെ അംലാന്റെ പരിശ്രമത്തിന്റെ ഫലമാണെന്ന് പരിശീലകന്‍ ജെയിംസ് ഹിലിയര്‍ പറഞ്ഞു.

“രണ്ടാഴ്ച മുന്‍പ് നടന്ന പരിശീലനത്തിൽ അവന്‍ നന്നായി ഓടി. അവന്റെ ഏറ്റവും മികച്ച ശരീരഘടനയാണ് ഞാന്‍ ആ ദിവസങ്ങളില്‍ കണ്ടത്. അതിനാൽ കഴിഞ്ഞ ആഴ്ച ഞാൻ അവനെ 100 മീറ്ററിൽ പരീക്ഷിച്ചു, മികച്ച സമയമാണ് അവന്‍ കുറിച്ചത്, ദേശീയ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സാധ്യതകള്‍ ഞാന്‍ കണ്ടിരുന്നു,” ജെയിംസ് വ്യക്തമാക്കി.

ദേശിയ ഗെയിംസ് ലക്ഷ്യം വച്ചുള്ള പരിശീലനമാണ് അംലാന് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും പരിശീലകന്‍ പറയുന്നു. 100 മീറ്ററില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായാല്‍ അത് 200 മീറ്ററിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായിക ജീവിതം ഒരു ഫുട്ബോളറായാണ് അംലാന്‍ ആരംഭിച്ചത്. എന്നാല്‍ എപ്പോഴും പരിക്ക് പറ്റുന്നതിനാല്‍ അമ്മയാണ് അംലാനോട് മറ്റൊരു കായിക ഇനത്തിലേക്ക് മാറാന്‍ നിര്‍ദേശിച്ചത്.

“ഒന്നുകില്‍ മറ്റൊരു കായിക ഇനത്തിലേക്ക് മാറണം, അല്ലെങ്കില്‍ പൂര്‍ണമായി ഇത് അവസാനിപ്പിക്കണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. ഫുട്ബോള്‍ കളിക്കുക എന്നത് മുന്നിലുള്ള ഓപ്ഷനേ അല്ലായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു അത്,” അംലാന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Amlan borgohain indias fastest man on track