മുംബൈ: ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളാക്കിയ ഐസിസിയുടെ സൂപ്പര്‍ ഓവര്‍ നിയമത്തെ കണക്കിന് പരിഹസിച്ച് അമിതാഭ് ബച്ചന്‍. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തിലായിരുന്നു ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്. ഈ നിയമത്തിനെതിരെ ക്രിക്കറ്റ് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

ആരാധകരും താരങ്ങളുമെല്ലാം വിമര്‍ശിക്കുന്ന നിയമത്തെ പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബച്ചന്‍.

”നിങ്ങളുടെ കൈയ്യില്‍ 2000 രൂപയുണ്ട്. എന്റെ കൈയ്യിലുമുണ്ട് 2000 രൂപ. പക്ഷെ നിങ്ങളുടെ കൈയ്യിലുള്ളത് രണ്ടായിരത്തിന്റെ ഒരു നോട്ടും എന്റെ കൈയ്യിലുള്ളത് 500 ന്റെ നാല് നോട്ടുമാണ്. ആരാണ് കൂടുതല്‍ സമ്പന്നന്‍? നാല് 500 ഉളളയാളാണെന്ന് ഐസിസി” എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. താരത്തിന്റെ പരിഹാസത്തെ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്.

നിശ്ചിത ഓവറില്‍ രണ്ട് ടീമും 241 റണ്‍സെടുത്തതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. എന്നാല്‍ അവിടേയും സമനിലയായി. ഇതോടെ 26 ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായി മാറുകയായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ, മുന്‍ താരം യുവരാജ് സിങ് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook