ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തിലിപ്പോൾ അംഗസഖ്യയിൽ കൂടുതലും പെൺകുട്ടികളാണ്. ധോണി മുതൽ ഇങ്ങോട്ട് പ്രമുഖ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ഗൗതം ഗംഭീർ, രോഹിത്‌ ശർമ, ഷമി, അശ്വിൻ, രഹാനെ, ജഡേജ, പുജാര, സാഹ, ഹർഭജൻ സിങ്, നടരാജൻ, ഉമേഷ് യാദവ് എന്നിവർക്കെല്ലാം പെൺകുട്ടികളാണ്.

ഇപ്പോൾ വിരാട് കോഹ്‌ലിക്കും മകൾ ജനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തമായി ഒരു വനിതാ ടീം തന്നെ രൂപീകരിക്കാം എന്നതാണ് കായികലോകത്ത് പ്രചരിക്കുന്ന ഒരു തമാശ. ഇതുമായി ബന്ധപ്പെട്ടൊരു ട്വീറ്റ് പങ്കുവയ്ക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ. അങ്ങനെയൊരു ടീം വരികയാണെങ്കിൽ ആരായിരിക്കും ക്യാപ്റ്റൻ എന്നാണ് തമാശ രൂപേണ ബച്ചൻ ചോദിക്കുന്നത്. “ധോണിയുടെ മകളുമുണ്ടല്ലോ, അവളാകുമോ ക്യാപ്റ്റൻ?” ട്വീറ്റ് പങ്കുവച്ച് ബച്ചൻ കുറിച്ചു.

ജനുവരി 12നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്കും പെൺകുഞ്ഞ് പിറന്നത്.

ബച്ചന്റെ ട്വീറ്റിന് താഴെ നിരവധി പേർ വിമർശനങ്ങളുമായും എത്തിയിട്ടുണ്ട്. “ബോളിവുഡിൽ നെപ്പോട്ടിസം പോലെ ക്രിക്കറ്റിലും വേണമെന്നാണോ താങ്കൾ പറയുന്നത്? ബോളിവുഡിനെ അപേക്ഷിച്ച് കഴിവുള്ളവർ മാത്രം കയറിവരുന്ന ഒന്നാണ് സ്പോർട്സ്,” എന്നാണ് ട്വീറ്റിന് ഒരാൾ നൽകിയ കമന്റ്.

“ആദരവോടെ തന്നെ പറയട്ടെ, ഇത് ദേശീയ ക്രിക്കറ്റ് ടീമാണ്. കളിക്കാരെ, പുരുഷന്മാരായാലും സ്ത്രീകളായാലും അവരുടെ കഴിവുകളെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്. ആരാണ് അവരുടെ അച്ഛനെന്നോ അമ്മയെന്നോ അടിസ്ഥാനമാക്കിയല്ല തിരഞ്ഞെടുപ്പ്. ദയവായി, ബോളിവുഡിന്റെ നെപ്പോട്ടിസ ചിന്തകളാൽ ആശയക്കുഴപ്പത്തിലാക്കരുത്,” എന്നാണ് മറ്റൊരു ട്വീറ്റ്.

Read more: ‘ഞങ്ങളുടെ മകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്;’ ചിത്രങ്ങൾ പകർത്തരുതെന്ന് അഭ്യർത്ഥിച്ച് അനുഷ്‌കയും കോഹ്ലിയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook