ചിക്കാഗോ: ബോക്‌സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് വീണ താരം പാട്രിക് ദേ നാലാം നാള്‍ മരിച്ചു. ചാള്‍സ് കോണ്‍വെല്ലിനെതിരായ മത്സരത്തില്‍ ഇടിയേറ്റ് തലച്ചോറിന് ക്ഷതമേറ്റ പാട്രിക് ചികിത്സയിലായിരുന്നു.
പാട്രിക്കിന്റെ മരണത്തില്‍ വേദനിക്കുന്നാതായി കോണ്‍വെല്‍ പറഞ്ഞു. പാട്രിക്കിന്റെ മരണം താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ജയിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹമെന്നും സാധിക്കുമെങ്കില്‍ ആ മത്സരം തിരികെ എടുക്കുമായിരുന്നെന്നും കോണ്‍വെല്‍ ട്വീറ്റ് ചെയ്തു.
”നിനക്കിങ്ങനെ സംഭവിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ജയിക്കുക മാത്രമായിരുന്നു ലക്ഷ്യം. എനിക്ക് പറ്റുമായിരുന്നെങ്കില്‍ ഞാനല്ലാം തിരുത്തുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടേയിരിക്കുകയാണ്. ചിന്തിക്കാതിരിക്കാനാകുന്നില്ല. നിനക്കായി ഞാന്‍ ഒരുപാട് തവണ പ്രാര്‍ത്ഥിച്ചു. നിനക്കായി ഞാന്‍ കരഞ്ഞു. എന്റെ കുടുംബവും സുഹൃത്തുക്കളും എങ്ങനെയാണ് ഈ സംഭവത്തെ നോക്കിക്കാണുക എന്നറിയില്ല” കോണ്‍വെല്‍ പറയുന്നു.
#champpatrickday pic.twitter.com/S5MO43552C
— Charles Conwell (@CharlesConwell) October 15, 2019
”എവിടെ ചെന്നാലും ഞാന്‍ നിന്നെ കാണുന്നു. നിന്നെക്കറിച്ചുള്ള നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നു. ബോക്‌സിങ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. പക്ഷെ നീ അതല്ല ആഗ്രഹിക്കുന്നതെന്നറിയാം. നീയൊരു പോരാളിയായിരുന്നു. അതുകാണ്ട് പൊരുതാനും ലോക കിരീടം നേടാനുമാണ് എന്റെ ലക്ഷ്യം. അതായിരുന്നല്ലോ നിന്റെയും ലക്ഷ്യം” ചാള്‍സ് പറയുന്നു.
ചിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ നടന്ന സൂപ്പര്‍ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിന്റെ ആറാം റൗണ്ടിലാണ് പാട്രിക് കോണ്‍വെല്ലിന്റെ ഇടിയേറ്റ് വീഴുന്നത്. നിലത്തു വീണ താരം എഴുന്നേറ്റില്ല. ഇതോടെ വൈദ്യ സംഘം ഓടിയെത്തുകയും താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കോണ്‍വെല്ലിനായിരുന്നു മത്സരത്തിലുടനീളം ആധിപത്യം. പക്ഷെ തോല്‍വി സമ്മതിക്കാതെ പാട്രിക് പൊരുതുകയായിരുന്നു.