ചെന്നൈ: ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന സൂചനകള്‍ നല്‍കി ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് റായിഡു അറിയിച്ചിരുന്നു. എന്നാല്‍, വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് താരം മലക്കം മറിയുകയാണ് ഇപ്പോള്‍. ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് റായിഡു പറഞ്ഞു. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്‍ കളിക്കാനിറങ്ങുമെന്നും റായിഡു വ്യക്തമാക്കി. ഏകദിന ക്രിക്കറ്റിലേക്ക് അവസരം ലഭിച്ചാല്‍ നിഷേധിക്കില്ലെന്നും റായിഡു പറഞ്ഞു.

“തിരിച്ചുവരവിനായി സാധിക്കുന്ന വിധം തയ്യാറെടുക്കും. ക്രിക്കറ്റിലേക്ക് എത്രയും പെട്ടന്ന് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ ഇപ്പോഴും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ഇന്ത്യ ആവശ്യപ്പെട്ടാല്‍ എങ്ങനെ നോ എന്ന് പറയും?” – അമ്പാട്ടി റായിഡു ചോദിച്ചു.

Read Also: അമ്പാട്ടി റായിഡു രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; ഐപിഎല്ലിനും വിട

പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ എത്രയും പെട്ടെന്ന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്. ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു റായിഡു പറഞ്ഞു.

“വിരമിക്കാനുള്ള തീരുമാനം തീർത്തും വൈകാരികം മാത്രമായിരുന്നുവെന്ന് പറയാൻ സാധിക്കില്ല. ലോകകപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ നാലു വർഷമായി വളരെയധികം അധ്വാനിച്ചു. ടീമിൽ  ഇടംകിട്ടാതെ പോയപ്പോൾ നിരാശനായി. വിരമിക്കാനുള്ള സമയമായെന്നും തോന്നി. ടീമിൽനിന്നും പിന്തള്ളപ്പെട്ടതിലുള്ള നിരാശയല്ല വിരമിക്കാനുള്ള കാരണം. സെലക്ടർമാരോട് ദേഷ്യം ഇല്ല”  അമ്പാട്ടി റായിഡു വിശദീകരിച്ചു.

ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നുവെന്ന തീരുമാനം റായിഡു എടുത്തത്. വൈകാരികമായ കുറിപ്പിലൂടെയാണ് റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളിൽ നിന്ന് 1694 റൺസ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അർധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook