ഹൈദരാബാദ്: വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് രണ്ട് മാസം പിന്നിടുമ്പോഴേക്കും തീരുമാനത്തില്‍ നിന്നും യൂടേണ്‍ എടുത്തിരിക്കുകയാണ് അമ്പാട്ടി റായിഡു. തനിക്ക് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും തീരുമാനം വൈകാരികമായിരുന്നുവെന്നും സെലക്ഷന് തയ്യാറാണെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുള്ള കത്തില്‍ റായിഡു പറയുന്നു.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് സിഒഎയ്ക്കുള്ള ഇമെയിലിലാണ് റായിഡു തന്റെ തീരുമാനം വ്യക്തമാക്കിയത്. അതേസമയം, വിരമക്കിലില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചവര്ക്ക് നന്ദി പറയുകയും ചെയ്തു താരം. മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വിവിഎസ് ലക്ഷ്മണ്, ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് ഈ രണ്ട് പേര്‍ക്കാണ് റായിഡു നന്ദി പറയുന്നത്.
”ഈ അവസരം ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ്, വിവിഎസ് ലക്ഷ്മണ്, നോയല്‍ ഡേവിഡ് എന്നിവര്‍ക്ക് നന്ദി പറയാന്‍ ഉപയോഗിക്കുന്നു. മോശം സമയം ഇവര്‍ എനിക്കൊപ്പം നിന്നു, എന്നില്‍ ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നു” റായിഡു പറയുന്നു.
ലോകകപ്പിനിടെയായിരുന്നു റായിഡു തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത തീരുമാനം. പരുക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായി എടുക്കാത്തതിരുന്നതാണ് റായിഡുവിനെ ചൊടിപ്പിച്ചത്.