scorecardresearch

Latest News

ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായുഡു; നിമിഷങ്ങൾക്കകം ട്വീറ്റ് അപ്രത്യക്ഷം

ഇതാദ്യമായല്ല റായുഡു വിരമിക്കൽ പ്രഖ്യാപിക്കുന്നത്

Ambati Rayudu, IPL

ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി, പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) താരം അമ്പാട്ടി റായുഡു. ഇന്ന് രാവിലെയാണ് സംഭവം. ഇത് തന്റെ അവസാന ഐപിഎൽ സീസൺ ആയിരിക്കുമെന്നും 13 വർഷത്തെ ഐപിഎൽ കരിയറിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള നന്ദി പ്രകടിപ്പിച്ചും കൊണ്ടായിരുന്നു ട്വീറ്റ്. എന്നാൽ നിമിഷങ്ങൾക്കകം ട്വീറ്റ് അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായി.

ഇതാദ്യമായല്ല റായുഡു വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിലേക്ക് തിരഞ്ഞെടുക്കാതായപ്പോൾ റായുഡു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയായിരുന്നു.

2018ൽ, ഹ്രസ്വ ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റായുഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ ഏകദിന ടീമിൽ റായുഡു സ്ഥാനം കണ്ടെത്തി. അതും യോ-യോ ടെസ്റ്റിൽ രണ്ടാം ശ്രമത്തിൽ വിജയിച്ചു കൊണ്ടായിരുന്നു.

ലോകകപ്പിന് ഇന്ത്യക്ക് നാലാം നമ്പറിനെ കിട്ടിയെന്ന് കോഹ്ലി പറയാൻപോലും റായുഡുവിന്റെ അന്നത്തെ ഫോം കാരണമായിരുന്നു. എന്നാൽ ടീം സെലക്ഷൻ ആയപ്പോൾ റായുഡുവിന് പകരം വിജയ് ശങ്കർ ടീമിൽ എത്തി. അന്നത്തെ സെലെക്ടർ എം.എസ്.കെ പ്രസാദ് ‘ത്രീ ഡയമെൻഷണൽ പ്ലെയർ’ എന്ന വിശേഷണം നൽകിയാണ് വിജയ് ശങ്കറെ അന്ന് പരിഗണിച്ചത്. അതിനു പിന്നാലെ ‘ലോകകപ്പ് കാണാൻ ത്രീഡി കണ്ണട വാങ്ങി’യെന്ന റായുഡുവിന്റെ ട്വീറ്റ് വിവാദമായിരുന്നു.

2004ലെ അണ്ടർ 19 ലോകകപ്പിൽ ദിനേശ് കാർത്തിക്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ഇർഫാൻ പത്താൻ, ആർ പി സിംഗ്, ശിഖർ ധവാൻ എന്നിവരടങ്ങിയ ഇന്ത്യൻ ടീമിനെ നയിച്ചത് റായുഡു ആയിരുന്നു.

എന്നാൽ റായുഡുവിന്റെ അന്താരാഷ്ട്ര മത്സര റെക്കോർഡുകൾ അത്ര മികച്ചതല്ല. 55 ഏകദിനങ്ങളിൽ നിന്ന് 47.05 ശരാശരിയിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 1,694 റൺസാണ് ഏകദിനത്തിലെ സമ്പാദ്യം. ആറ് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 റൺസും ഹൈദരാബാദ്, ആന്ധ്ര, ബറോഡ, വിദർഭ എന്നിവയ്ക്കായി 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 16 സെഞ്ചുറികളോടെ 6,151 റൺസും മാത്രമാണ് താരം നേടിയിട്ടുള്ളത്.

ഇത്തവണ ഐപിഎല്ലിലും മോശം ഫോമിലൂടെയാണ് റായുഡു കടന്ന് പോകുന്നത്. 12 മത്സരങ്ങളിൽ നിന്ന് ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 271 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാൽ ഐപിഎൽ കരിയറിൽ, 187 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 22 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4187 റൺസ് റായുഡു നേടിയിട്ടുണ്ട്. ഈ സീസണിൽ ഐപിഎല്ലിൽ 4000 റൺസ് തികയ്ക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായും റായഡു മാറി.

Also Read: ‘ഇതൊരു സാങ്കേതിക കാര്യമല്ല, വലിയൊരു ഇന്നിങ്‌സ് ഉടൻ കാണാം’; കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് മൈക്ക് ഹെസ്സൺ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ambati rayudu announces retirement from ipl and then deletes tweet