ഹൈദരാബാദ്: ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തിന് മുമ്പു വരെ അധികമാര്‍ക്കും അല്‍സാരി ജോസഫ് എന്ന വിന്‍ഡീസ് പേസറെ അറിയുമായിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സും തമ്മിലുള്ള മത്സരശേഷം അല്‍സാരി ജോസഫ് എന്ന് പേര് ആരും മറക്കില്ലെന്ന് അവന്‍ ഉറപ്പു വരുത്തിയിരിക്കുന്നു. ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബാറ്റിങ് നിരയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒറ്റയ്ക്ക് എറിഞ്ഞ് ഇല്ലാതാക്കുകയായിരുന്നു അല്‍സാരി എന്ന 22 കാരന്‍.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോര്‍ഡുമായാണ് തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരവും കഴിഞ്ഞ് അല്‍സാരി ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചു കയറിയത്. 3.4 ഓവര്‍ പന്തെറിഞ്ഞ അല്‍സാരി 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ പിന്നിലാക്കിയത് 2008 ലെ ആദ്യ ഐപിഎല്ലില്‍ പാക് പേസര്‍ സൊഹൈല്‍ തന്‍വീര്‍ കുറിച്ച 6/14 ന്റെ റെക്കോര്‍ഡാണ്. അല്‍സാരിയുടെ പ്രകടന മികവില്‍ തോല്‍വി പ്രതീക്ഷിച്ചിരുന്ന മത്സരം 40 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് ജയിക്കുകയും ചെയ്തു.

”ഇതൊരു സ്വപ്‌നമാണ്. ഇതിനേക്കാള്‍ മികച്ചൊരു തുടക്കം സാധ്യമല്ല. പ്ലാനുകള്‍ പ്രകാരം പന്തെറിഞ്ഞു, അത് നടപ്പായി. കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്തുകയായിരുന്നു എന്റെ പ്ലാന്‍” അല്‍സാരി പറയുന്നു. ഐപിഎലില്ലെ ആദ്യ ഓവറില്‍ തന്നെ അല്‍സാരി തന്റെ ആദ്യ വിക്കറ്റ് നേടിയിരുന്നു. അതും അപകടകാരിയായ ഡേവിഡ് വാര്‍ണറുടെ. എന്നാല്‍ വിക്കറ്റ് നേട്ടം അല്‍സാരി ആഘോഷിച്ചില്ല.

”ഞാന്‍ വിക്കറ്റുകള്‍ ആഘോഷിക്കുന്നയാളല്ല, ജയങ്ങളാണ് ആഘോഷിക്കാറ്. എനിക്കറിയാമായിരുന്നു ഞങ്ങള്‍ക്കൊരു കളി ജയിക്കാനുണ്ടായിരുന്നു. എല്ലാവരും നന്നായി അധ്വാനിക്കുന്നുണ്ട്” താരം പറഞ്ഞു.

ഇതിന് മുമ്പും അല്‍സാരി ക്രിക്കറ്റ് ലോകത്തിന്റെ ആകെ അഭിനന്ദനം നേടിയിട്ടുണ്ട്. തന്റെ അമ്മയുടെ മരണം അറിഞ്ഞിട്ടും തളരാതെ മൈതാനത്തേക്ക് ഇറങ്ങിയാണ് അന്ന് അല്‍സാരി ലോകത്തെ തന്നെ ഞെട്ടിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായിരുന്ന തന്റെ അമ്മ മരിച്ചെന്ന വാര്‍ത്ത അല്‍സാരി അറിയുന്നത്. ഫെബ്രുവരിയിലായിരുന്നു അമ്മയുടെ മരണം. അപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു. അന്ന്, ഇരുടീമിലേയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചായിരുന്നു മത്സരത്തിനിറങ്ങിയത്. 10-ാമനായി ക്രീസിലേക്ക് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നാണ് ഗ്യാലറി ആദരം അറിയിച്ചത്.

മറ്റൊരു വിന്‍ഡീസ് താരമായ കിറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിലാണ് മുംബൈ സണ്‍റൈസേഴ്‌സിനെതിരെ 136 റണ്‍സെടുത്തത്. പൊള്ളാര്‍ഡ് 26 പന്തില്‍ 46 റണ്‍സെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook