വെസ്റ്റ് ഇന്‍ഡീസിനെതിരെ പേസര്‍ ജസ്പ്രീത് ബുംറ ഹാട്രിക് നേടിയതോടെ ആദ്യമായി ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കിയ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രകടനം ഓര്‍ത്തെടുക്കുകയാണ് ക്രിക്കറ്റ് ലോകം. ഇതിനിടെ അന്നത്തെ ഹാട്രിക്കിനെ ചൊല്ലി ഹര്‍ഭജനും ഭാജിയുടെ ഇരകളിലൊരാളുമായ ഗില്‍ക്രിസ്റ്റും തമ്മിലുള്ള ട്വിറ്റര്‍ പോരും കനക്കുകയാണ്.

റിക്കി പോണ്ടിങ്ങും ഗില്‍ ക്രിസ്റ്റും ഷെയ്ന്‍ വോണുമായിരുന്നു ഹര്‍ഭജന്റെ ഇരകള്‍. 2001 ലായിരുന്നു സംഭവം. ഹര്‍ഭജന്റെ ബോളിങ് പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്നു വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് ഡിആര്‍എസ് സംവിധാനമുണ്ടായിരുന്നുവെങ്കില്‍ താന്‍ പുറത്താകില്ലെന്നായിരുന്നു ഗില്ലി പറഞ്ഞത്.

റീപ്ലെകളില്‍ നിന്നും ഇന്‍സൈഡ് എഡ്ജ് ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. എന്നാല്‍ അമ്പയര്‍ കാണാത്തതിനാല്‍ ഔട്ട് നല്‍കുകയായിരുന്നു. ഗില്‍ക്രിസ്റ്റിന്റെ പ്രതികരണത്തിന് കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് ഹര്‍ഭജന്‍. കഴിഞ്ഞ കാര്യങ്ങളെ ഓര്‍ത്ത് കരയുന്നത് നിര്‍ത്തണമെന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

”ആദ്യ ബോളില്‍ പുറത്തായില്ലെങ്കില്‍ കുറേനേരം കൂടി കളിക്കാമായിരുന്നുവെന്ന് തോന്നിയിരുന്നോ? ഇതിലൊക്കെ കരയുന്നത് മതിയാക്കൂ. നിങ്ങളുടെ കളിക്കുന്ന കാലം കഴിഞ്ഞതോടെ ബോധത്തോടെ സംസാരിക്കുമെന്നാണ് കരുതിയത്. പക്ഷെ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല. നിങ്ങളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. എപ്പോഴും കരയുന്നു” എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook