ലോകകപ്പിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി മുൻ ചാമ്പ്യന്മാർ. യുവേഫ നേഷൻസ് കപ്പിൽ ജർമ്മനിക്കെതിരെ ഗോൾ രഹിത സമനിലയിലാണ് ഫ്രാൻസ് പിരിഞ്ഞത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങൾ ഇരുടീമുകളും നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

റഷ്യൻ ലോകകപ്പിൽ കോർട്ടർ പോലും കാണാതെ പ്രഥമിക റൗണ്ടിൽ തന്നെ പുറത്തായ ജർമ്മനിയുടെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. കളിയുടെ 60 ശതമാനം സമയവും പന്ത് കൈയ്യടക്കിവയ്ക്കാൻ ജർമ്മനിക്കായി. പന്തടക്കത്തിലും ഗോൾ ശ്രമങ്ങളിലും ജർമനി ഫ്രാൻസിനെക്കാൾ ഒരുപടി മുന്നിലായിരുന്നു.

ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരെ കളിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് ഫ്രാൻസ് നേഷൻസ് കപ്പിന്റെ ആദ്യ പോരാട്ടത്തിനിറങ്ങിയത്. ക്യാപ്റ്റനും ഗോൾ കീപ്പറുമായ സൂപ്പർതാരം ഹ്യുഗോ ലോറിസിന് പകരം മൂന്നാം ഗോൾകീപ്പർ അൽഫോൺസ് അരിയോളയാണ് കളത്തിലിറങ്ങിയത്. ജർമ്മൻ ഷോട്ടുകള്‍ തകർപ്പന്‍ സേവുകളോടെ തടുത്തിട്ട അരിയോളയാണ് മൽസരത്തിൽ ഫ്രാൻസിനു തുണയായത്. നേഷൻസ് ലീഗിൽ നെതർലൻഡ്സിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മൽ‌സരം.

അതേസമയം, സൗഹൃദമത്സരത്തിൽ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യക്കും പോർച്ചുഗലിനെതിരെ സമനില കുരുക്ക്. ഓരോ ഗോൾ വീതമാണ് ഇരു ടീമുകളും നേടിയത്. 18-ാം മിനിറ്റിൽ ഇവാൻ പെഴ്സിക്കിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്ക് 32-ാം മിനിറ്റിൽ പെപ്പെയിലൂടെ പോർച്ചുഗൽ ഗോൾ മടക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook