scorecardresearch
Latest News

ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ഒത്തുകളി; ക്ലബ്ബുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സിബിഐ

അന്വേഷണവുമായി സഹകരിക്കാന്‍ സിബിഐ ഫുട്ബോള്‍ ക്ലബ്ബുകളോട് ആവശ്യപ്പെട്ടു

ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ഒത്തുകളി; ക്ലബ്ബുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സിബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ഒത്തുകളി സംബന്ധിച്ച് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 15 ദിവസമായി നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി സിബിഐ ഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് രാജ്യത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ രേഖകള്‍ ശേഖരിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാച്ച് ഫിക്‌സറുടെ പങ്കാണ് മത്സരങ്ങളുടെ ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതികളെക്കുറിച്ചുള്ള വിശദാംശങ്ങളും ആരോപണങ്ങളുടെ വിശദാംശങ്ങളും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല, പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നാണ് അധികൃതരുടെ വിശദീകരണം. തങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. അന്വേഷണത്തില്‍ സഹകരിക്കാന്‍ നിരവധി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐക്ക് തിരച്ചില്‍ നടത്താനോ അറസ്റ്റ് ചെയ്യാനോ സമന്‍സ് മുഖേന ചോദ്യം ചെയ്യാനോ കഴിയില്ലെന്നും നിയമം ഉദ്ധരിച്ച് അവര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടവരുടെ സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു, കുറ്റകൃത്യത്തിലേക്ക് സൂചന നല്‍കുന്ന പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ ഉണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Alleged match fixing football cbi cooperation indian football clubs