തിരുവനന്തപുരം: ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയ രഞ്ജി താരങ്ങൾക്ക് കേരള ക്രിക്കറ്റ് അസോസിയഷന്റെ കാരണം കാണിക്കൽ നോട്ടീസ്. സഞ്ജു സാംസൺ അടക്കമുളള 13 താരങ്ങൾക്കാണ് നോട്ടീസ് നൽകിയത്. സച്ചിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന കെസിഎയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.

സഞ്ജു സാംസൺ, അക്ഷയ് കെ.സി, സൽമാൻ നിസാർ, അസറുദ്ദീൻ എന്നീ നാലുതാരങ്ങൾക്ക് പ്രത്യേക കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കർണാടകയിൽ നടന്ന ടൂർണമെന്റിനിടെ ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ രണ്ടു ദിവസം ടീം താമസിച്ചിരുന്ന ഹോട്ടലിന് പുറത്തുപോയിരുന്നു. ഇതിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ശ്രീലങ്കൻ പര്യടനത്തിടെയാണ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെസിഎയ്ക്ക് നൽകിയത്. ഈ കത്ത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ലെന്നും വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്നും കത്തില്‍ പറയുന്നു. ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്തെന്നും ടീമംഗങ്ങള്‍ പറയുന്നു. സച്ചിന്‍ ബേബി സ്വാര്‍ത്ഥനാണെന്നാണ് താരങ്ങളുടെ ആരോപണം. ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുമെന്നും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കെട്ടി വയ്ക്കുന്നുവെന്നുമാണ് ആരോപണം.

സച്ചിന്റെ പെരുമാറ്റം കാരണം തങ്ങള്‍ക്ക് സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും സഹതാരത്തെകുറിച്ച് മറ്റ് താരങ്ങളോട് മോശമായി സംസാരിക്കുന്ന നായകനാണ് സച്ചിന്‍ ബേബിയെന്നും കത്തില്‍ പറയുന്നുണ്ട്. നായകന്റെ മോശം പെരുമാറ്റം കൊണ്ടാണ് പല യുവതാരങ്ങളുടെ മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നതെന്നും ടീമിന്റെ നായകസ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നാണ് എല്ലാ കളിക്കാരുടെയും ആഗ്രഹമെന്നും കത്തില്‍ പറയുന്നു.

എന്നാൽ കത്തിൽ പറഞ്ഞിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് കെസിഎയുടെ സമിതി കണ്ടെത്തിയുളളത്. ക്യാപ്റ്റനെതിരെ മുതിർന്ന താരങ്ങൾ ഗൂഢാലോചന നടത്തിയെന്നും സമിതി വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ