തിരുവനന്തപുരം: ഇന്ത്യ-കീവീസ് മൂന്നാം ടി20 മത്സരത്തിനായി അനന്തപുരിയിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയം എല്ലാ അർത്ഥത്തിലും സജ്ജമായി കഴിഞ്ഞു. മത്സരത്തിന് ദിവസങ്ങൾക്ക് മുൻപേ സ്റ്റേഡിയം പൂർണമായി സജ്ജമായെങ്കിലും മഴ കളി മുടക്കുമോയെന്ന പേടി ആരാധകർക്കുണ്ട്.
ബുധനാഴ്ച വരെ ഇടയ്ക്കിടെ ഇടിയോട് കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ കെസിഎ സെക്രട്ടറി ജയേഷ് ജോർജിന് ഒരു മഴയെയും പേടിയില്ല. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സ്റ്റേഡിയത്തിൽ എത്ര ശക്തമായി മഴ പെയ്താലും വെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്ന വിധത്തിൽ നല്ല ഡ്രെയിനേജ് സംവിധാനം ഉണ്ടെന്ന് ഇദ്ദേഹം വിശദീകരിച്ചു.
മത്സരത്തിനിടയിൽ മഴ പെയ്താൽ പത്ത് മിനിറ്റിനുള്ളിൽ മത്സരം പുനരാരംഭിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ഇവിടുത്തെ ഡ്രയിനേജ് സംവിധാനം.
കേരളത്തിൽ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ടി20 മത്സരമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ന്യൂസിലൻഡും ഓരോ മത്സരങ്ങൾ ജയിച്ചതിനാൽ കലാശപ്പോരാട്ടത്തിന്റെ കെട്ടും മട്ടും ഉണ്ട് തിരുവനന്തപുരത്തെ മത്സരത്തിന്.
2015 ലെ ദേശീയ ഗെയിംസ് മൈതാനമായിരുന്ന സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് തയ്യാറെടുക്കുമ്പോൾ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 200 ലേറെ റൺസ് ആദ്യ ഇന്നിങ്സിൽ സ്കോർ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1988 ജനുവരി 25 നാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ മത്സരം നടന്നത്. വിവിയൻ റിച്ചാർഡിന്റെ നേതൃത്വത്തിലുള്ള കരീബിയൻ പട അന്ന് രവി ശാസ്ത്രി നയിച്ച ഇന്ത്യൻ സംഘത്തെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
മൂന്നാം ടി20 മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. 50000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 2500 ലധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. മൊബൈൽ ഫോണുകൾ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കൂ. മറ്റൊന്നും കൊണ്ടുപോകാൻ സമ്മതിക്കില്ല.