ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുളള രാജ്യങ്ങൾക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വൻ ഇളവ് വരുത്തി ഐസിസി. കുട്ടിക്രിക്കറ്റ് കളിക്കാനുളള പദവി അംഗരാഷ്ട്രങ്ങളായ 104 രാജ്യങ്ങൾക്കും അനുവദിച്ച് വിപ്ലവകരമായ മാറ്റമാണ് ഐസിസി വരുത്തിയത്.

കൊൽക്കത്തയിൽ ചേർന്ന ഐസിസി യോഗമാണ് ഈ തീരുമാനം എടുത്തത്. ഇപ്പോൾ പതിനാല് രാഷ്ട്രങ്ങൾക്ക് മാത്രമാണ് അന്താരാഷ്ട്ര ടി20 യോഗ്യതയുളളത്. പുരുഷ, വനിത ടീമുകൾക്ക് ഈ യോഗ്യത നൽകിയിട്ടുണ്ട്. ഇതിന് പുറമെ 2021 ലെ ചാംപ്യൻസ് ട്രോഫിക്ക് പകരം ലോകകപ്പ് ടി20 മത്സരം നടക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.

വനിത ടീമുകൾക്കാണ് യോഗ്യത ആദ്യം ഗുണകരമാവുക. ഇവരുടെ കാര്യത്തിൽ തീരുമാനം ഈ വർഷം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കും.

അതേസമയം ലോകകപ്പ് ടി20 മത്സരത്തിന് ശേഷം മാത്രമേ പുരുഷ ടി20 ടീമുകളുടെ കാര്യത്തിൽ ഈ തീരുമാനം പ്രാബല്യത്തിൽ വരൂ. 2019 ജനുവരി ഒന്ന് മുതലാണ് ഐസിസിയുടെ 104 അംഗരാജ്യങ്ങൾക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കാനാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ