മധ്യനിര പ്രതിരോധം മാത്രമല്ല, ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ എല്ലാ മേഖലകളും പ്രശ്നമാണെന്നു മുഖ്യ പരിശീലകന് ഇഗോര്‍ സ്റ്റിമാക്. ഇന്ത്യ വീണ്ടും സാഫ് കപ്പ് സ്വന്തമാക്കിയതിനു പിന്നാലെ, ടീമില്‍ സന്ദേശ് ജിങ്കനു കൂട്ടാകുന്ന മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറുടെ അഭാവം സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”മധ്യപ്രതിരോധം മാത്രമല്ല, എല്ലാ മേഖലകളും നമുക്കൊരു പ്രശ്നമാണ്. കോവിഡ് തുടരുന്നതിനൊപ്പം, എട്ട്-ഒമ്പത് മാസം നീണ്ടുനില്‍ക്കാത്ത സീസണാണ് നമുക്കുള്ളത്. അതാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ ഏറ്റവും വലിയ പ്രശ്നം. കളിക്കാര്‍ ഓഫ്സീസണ് സമയത്ത് ദേശീയ ടീമിലേക്കു വരുന്നതും അതിദാരുണമാണ്,” സ്റ്റിമാക് പറഞ്ഞു.
പിഴവുള്ള ടീം ഘടനയാണു ഇന്ത്യന്‍ ഫുട്ബോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്നാണു സ്റ്റിമാക്കിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് കോവിഡ് കാരണം മാത്രം സംഭവിച്ചതല്ല. കഴിഞ്ഞ വര്‍ഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതു കാരണം ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) പദ്ധതികള്‍ നീണ്ടകാലത്തേക്കു വൈകിയേക്കാം. എന്നാല്‍ ഇതൊരു പുതിയ പ്രശ്നമല്ല.
ഏതാണ്ട് ഒരു പതിറ്റാണ്ടായി, അസ്വഭാവികമായ ഹ്രസ്വ ആഭ്യന്തര സീസണ് കളിക്കാരുടെ വളര്‍ച്ചയെ തടസപ്പെടുത്തി. ഇത് ദേശീയ ടീമിലും വലിയ പ്രതിഫലനമുണ്ടാക്കി.

രാജ്യത്തെ മുഖ്യ ഡിവിഷനായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) നാലു മാസം മാത്രമാണ് നീണ്ടുനില്‍ക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ലീഗാണ്. ഇത് ഒന്നിലധികം ഘടകങ്ങള്‍ കാരണമാണ്. പ്രധാനമായും വാണിജ്യപരമായ കാരണത്താലാണ്. ഉദാഹരണത്തിന്, പുതിയ സീസണ് അടുത്ത മാസം ആരംഭിക്കുകയും 2022 മാര്‍ച്ചില്‍ അവസാനിക്കുകയും അടുത്ത സീസണ് വീണ്ടും നവംബറില്‍ ആരംഭിക്കുകയും ചെയ്യുന്നു. അതിനിടയില്‍ ഒറ്റപ്പെട്ട മത്സരത്തില്‍ കളിക്കുകയെന്നതല്ലാതെ കളിക്കാര്‍ക്കു മറ്റൊന്നും ചെയ്യാനില്ല.
ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യന്‍ കളിക്കാരെ വലിയ പ്രതികൂലാവസ്ഥിയിലാക്കുന്നു. അതിനാല്‍ മുഴുനീള സീസണുള്ള ബംഗ്ലാദേശ് പോലുള്ള ദക്ഷിണേഷ്യയില്‍നിന്നുള്ള രാജ്യങ്ങള്‍ പോലും ലോകത്തിലെ 107-ാം റാങ്കുള്ള ടീമിനെ വെള്ളം കുടിപ്പിക്കുന്നു. അടുത്തിടെ അവസാനിച്ച സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ (സാഫ്) ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരങ്ങളില്‍ കിതച്ചുജയിച്ച ശേഷമാണ് ഇന്ത്യ തിളക്കമാര്‍ന്ന വിജയത്തിലൂടെ കിരീടം സ്വന്തമാക്കിയത്.
Also Read: മെസി മാജിക്കില്‍ പിഎസ്ജി; കരുത്തു കാട്ടി റയലും ലിവര്‍പൂളും
സാഫ് കിരീടം ഒരു മികച്ച വിജയമായി താന്‍ കരുതുന്നില്ലെന്ന് സ്റ്റിമാക് പറഞ്ഞു. എന്നാല്‍ കളിക്കാരുടെ ഒത്തൊരുയും ഊര്‍ജവും പോസിറ്റീവ് മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. കളി തന്ത്രങ്ങളേക്കാളുപരി കളിക്കാരുടെ ഫിറ്റ്നസ് സംബന്ധിച്ച് ടൂര്‍ണമെന്റിനു മുന്‍പ് ടീമിനൊപ്പം ചെലവഴിച്ച കുറച്ച് ദിവസങ്ങളില്‍ അദ്ദേഹം സന്തോഷവാനല്ല.
”മറ്റ് ടീമുകളുമായി അപേക്ഷിച്ച് നമുക്ക് വേണ്ടത്ര തയാറെടുപ്പില്ലാത്തതിനാല്‍ തുടക്കത്തില്‍ ടീം ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. നേപ്പാളിന് തയാറെടുക്കാന്‍ രണ്ടര മാസം കിട്ടി. നമുക്കു ടൂര്‍ണമെന്റിനു മുന്‍പുള്ള ഏഴ്്-എട്ട് ദിവസം മാത്രമാണ് ലഭിച്ചത്. ടീമിലെ പകുതി പേരും
ശരിയായ മത്സരക്ഷമതതയും ശാരീരികക്ഷമതയും ഇല്ലാത്തവരായിരുന്നു. താമസിയാതെ, നമുക്കും മറ്റ് രാജ്യങ്ങളിലേതു പോലെ സാധാരണ സീസണ് ഉണ്ടാകും. ഏഷ്യയിലെ മികച്ച 10 ടീമുകളില്‍ ഒന്നാകാന്‍ നാം ആഗ്രഹിക്കുന്നു. അതിനു മറ്റ് രാജ്യങ്ങളിലെ നിലവാരത്തിലുള്ള ല ലീഗ് ആവശ്യമാണ്,” സ്റ്റിമാക് മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ സീസണിലും ക്ലബ്ബുകള്‍ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അടുത്ത വര്‍ഷം വരെ സമയം നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു. ഇത് സീസണിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ ഫെഡറേഷന് പരാജയപ്പെട്ടാല്‍ ഒരു പക്ഷേ ഇന്ത്യയ്ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇടം നഷ്ടമാകും.
ചൈനയ്ക്ക് സാധിക്കാത്തത് ഇന്ത്യക്ക് കഴിയുമോ?
ലോകകപ്പ് യോഗ്യത സ്വപ്നം കാണുന്നതിനു മുന്നോടിയായി ഏഷ്യയിലെ മറ്റു രാജ്യങ്ങളെ മറികടക്കുന്നത് ഇന്ത്യക്ക് എത്രമാത്രം കാഠിന്യമേറിയതാണന്ന് ചൈനയെ ഉദാഹരിച്ചുകൊണ്ട് സ്റ്റിമാക്ക് പറഞ്ഞു. ”ചൈന ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നു. ദശലക്ഷക്കണക്കിനു കുട്ടികള്‍ അക്കാദമിയിലുണ്ട്, ആയിരക്കണക്കിനു വിദേശ പരിശീലകരുണ്ട്. അവരുടെ ദേശീയ ടീമില്‍ കളിക്കാന്‍ വിദേശകളിക്കാരെ ലഭിക്കുന്നു. എന്നിട്ടും ലോകകപ്പ് നേടാന്‍ ഇതൊന്നും മതിയാകാതെ വരുന്നു,” അദ്ദേഹം പറഞ്ഞു.
”ഒരിക്കല്‍ ലോകകപ്പ് നേടുമെന്ന് നമ്മള് സ്വപ്നം കാണുന്നു. എന്നാല്‍ ഇത് വളരെ വലിയൊരു കടമ്പയാണ്. കാരണം, നമ്മള് മാത്രമല്ല ഇത് സ്വപ്നം കാണുന്നത്. മുടക്കുന്ന തുക, താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍, അക്കാദമികളിലെ വിദേശ പരിശീലകര്‍, കോച്ചിങ് ലൈസന്‍സിംഗ് എന്നിവയുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ നമ്മളെക്കാള്‍ ഏറെ മുന്‍പിലാണ്,” അദ്ദേഹം പറഞ്ഞു.
സ്റ്റിമാക്കിന്റെ കീഴിലുള്ള ഇന്ത്യയുടെ റെക്കോര്‍ഡ് വിശേഷിച്ച് ശ്രദ്ധേയമായിട്ടില്ല. എന്നാല്‍ അതേക്കുറിച്ച് അദ്ദേഹം അധികം ആശങ്കപ്പെടുന്നില്ല. കളിക്കാരെ സാങ്കേതികമായി ശക്തരാക്കി അതുവഴി ദേശീയ ടീമിനെ ‘പുനര്‍നിര്‍മിക്കുക’ എന്നതാണ് തന്റെ ദൗത്യമെന്ന് സ്റ്റിമാക്ക് പറഞ്ഞു.
ഫലത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഈ പ്രക്രിയയില്‍ നിരവധി നഷ്ടങ്ങളുണ്ടാകുമെന്നതില് അടിവരയിടുന്ന അദ്ദേഹം തന്റെ കീഴില്‍ ടീം കൈവരിച്ച പുരോഗതിയില്‍ സംതൃപ്തനാണ്.
Also Read: T20 WC: സമ്മര്‍ദം വേണ്ട, കളി ആസ്വദിക്കുക; ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് കപില്‍ ദേവ്
”ഞങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത ഒരേയൊരു ഫലം സാള്‍ട്ട് ലേക്കില്‍ ബംഗ്ലാദേശിനെതിരായ സമനില (1-1)യായിരുന്നു. അതിനു ശേഷമുള്ള രണ്ട് മത്സരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് യോഗ്യതാ മത്സരങ്ങളൊന്നും ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും, ഞങ്ങള്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടി. ഈ ഘട്ടത്തില്‍നിന്നു ഒരു പടി കൂടി മുന്നോട്ടുപോകാന്‍ നമുക്ക് കഴിയും. മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുക്കാനും അതുവഴി ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” സ്റ്റിമാക് പറഞ്ഞു.
ഇത് വളരെ തന്ത്രപൂര്‍വം നേരിടണം. ചൈനയില്‍ നടക്കുന്ന 2023 ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാനുള്ള ഇന്ത്യയുടെ അവസാന അവസരമായ മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും.
ഫിഫാ നിയമങ്ങള്‍ പ്രകാരം, ക്ലബ്ബുകള്‍ കളിക്കാരെ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി നാലു ദിവസത്തേക്കു വിട്ടുനല്‍കണം. അതേസമയം, ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ സാധാരണ ഫിഫയുടെ പതിവ് വിന്‍ഡോയ്ക്കു പുറത്തു നടക്കും. ഇത് ക്ലബ്ബും ദേശീയ ടീമും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കും. യോഗ്യതാ മത്സരങ്ങളുടെ തീയതികള്‍ ഐഎസ്എല്‍ കലണ്ടറിന്റെ ഭാഗമായി കണക്കാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും അത് കളിക്കാരെ ദേശീയ ടീമിനുവേണ്ടി വിട്ടുനല്‍കുന്നതിന് ഇടയാക്കുമെന്നും സ്റ്റിമാക് പറഞ്ഞു.