ആലിയ ഭട്ട് ഇന്ത്യന്‍ ചാരയായി വേഷമിടുന്ന ചിത്രമാണ് റാസി. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പോലെ അവസരം കിട്ടുകയാണെങ്കില്‍ ഒരു മികച്ച ചാരനാകാന്‍ ഒരു ഇന്ത്യന്‍ താരത്തിന് കഴിയുമെന്നാണ് ആലിയ പറയുന്നത്.
തന്റെ പുതിയ ചിത്രമായ ‘റാസി’യുടെ പ്രചാരണത്തിന്റെ ഭാഗമായി കെന്റ് ക്രിക്കറ്റ് ഷോയില്‍ എത്തിയപ്പോഴായിരുന്നു ആലിയയുടെ രസകരമായ കമന്റ്. ക്രിക്കറ്റ് താരങ്ങളായിരുന്ന ബ്രെറ്റ് ലീയും, ഇര്ഫാന് പഠാനും, മുന്‍ മിസ് ഓസ്ട്രേലിയന്‍ താരം എറിന് ഹോളണ്ടും പങ്കെടുത്ത പരിപാടിയില്‍ വളരെ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്.
പരിപാടിയ്ക്കിടെ, ഒരവസരം കിട്ടിയാല്‍ ആരുടെ പുറകെ ചാരനായി നടക്കുമെന്ന് താരം ബ്രെറ്റ് ലീയോട് ചോദിച്ചു. സച്ചിന് തെൻഡുല്‍ക്കര്‍ എന്നായിരുന്നു ലീയുടെ ഉത്തരം. പിന്നീടു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും നല്ല ചാരന് ആരാണെന്നു പഠാനോട് ചോദിച്ചപ്പോള്‍ ധോണിയെന്നു അദ്ദേഹം ഉത്തരം പറഞ്ഞു. ധോണി തന്റെ ടീമംഗങ്ങളെ രഹസ്യമായി നിരീക്ഷിക്കുമെന്നും എല്ലാവരുടെയും പെരുമാറ്റത്തെപ്പറ്റി വിശദമായി മനസിലാക്കുമെന്നും കൂടി പഠാന് കൂട്ടിച്ചേര്‍ത്തു.
ചോദ്യങ്ങള്‍ ചോദിച്ച ആലിയയോടും ഇതിഹാസ താരങ്ങള്‍ അതേ ചോദ്യം തിരിച്ചും ചോദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചാരനാകാന്‍ ഏറ്റവും അനുയോജ്യനാരാണെന്ന് ചോദിച്ചപ്പോള്‍ യാതൊരു താമസവും കൂടാതെ ധോണി എന്ന് ആലിയ മറുപടി പറഞ്ഞു.
ഐപിഎല്ലിലൂടെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുപാട് യുവാക്കള്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചെന്നു പറഞ്ഞ ആലിയ കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ആഘോഷങ്ങളുടെ ഒരു കുടക്കീഴില് അവതരിപ്പിക്കാനായി എന്നും അഭിപ്രായപ്പെട്ടു.