ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പിച്ചിനെ ചൊല്ലിയുളള വിവാദം അവസാനിക്കുന്നില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിനല്ല, ബാറ്റ്സ്മാന്‍മാര്‍ക്കാണ് പിഴച്ചതെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വാക്കുകളെ പ്രതിരോധിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക്.

”അതെന്തെങ്കിലും ആവട്ടെ, അതൊക്കെ ബിസിസിഐയുടെ കാര്യമാണെന്നാണ് മത്സരശേഷം കോഹ്‌ലി പറഞ്ഞത്. പക്ഷേ ആ പിച്ചിൽ കളിക്കുക വളരെ ദുഷ്കരമായിരുന്നു. അതെ, വളരെ ദുഷ്കരം. വിക്കറ്റ് പോയതിന് പിച്ചിനെ മാറ്റിനിർത്തി ബാറ്റ്സ്മാന്മാരെ മാത്രം കുറ്റം പറയാനാവില്ല” കുക്ക് പറഞ്ഞതായി ‘ചാനൽ ഫോർ’ റിപ്പോർട്ട് ചെയ്യുന്നു.

കോഹ്‌ലിയും റൂട്ടും അടക്കം സ്പിൻ പിച്ചിൽ മനോഹരമായി കളിക്കുന്ന ബാറ്റ്സ്മാന്‍മാര്‍ പോലും ഈ പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയതായി കുക്ക് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മറ്റേത് പിച്ചിനെക്കാളും ടേണ്‍ ചെയ്ത പിച്ചായിരുന്നു അഹമ്മദാബാദിലേതെന്നും അദ്ദേഹം പറഞ്ഞു.

Read More: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നുമാണ് കോഹ്‌ലി മത്സരശേഷം പറഞ്ഞത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം (ഡേ-നൈറ്റ്) രണ്ട് ദിവസം കൊണ്ടാണ് പൂർത്തിയായത്. പത്ത് വിക്കറ്റ് വിജയമാണ് മൊട്ടേരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും ഒരു ഇന്നിങ്സിൽ പോലും 200 റൺസ് കടക്കാൻ സാധിച്ചില്ല.

“വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല,” കോഹ്‌ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook