ലണ്ടൻ: അലസ്റ്റെർ കുക്ക് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് കുക്ക് സ്ഥാനമൊഴിയുന്നുവെന്ന് അറിയിച്ചത്. 59 ടെസ്റ്റ് പരമ്പരകളിൽ ഇംഗ്ലണ്ട് ടീം ക്യാപ്റ്റനായിരുന്നു. കുക്കിന് പകരക്കാരനായി ജോ റൂട്ടായിരിക്കും എത്തുന്നത്. ഈ വർഷം നടക്കുന്ന ആഷസ് പരമ്പരയിൽ ജോ റൂട്ടായിരിക്കും ഇംഗ്ലണ്ട് ടീമിനെ നയിക്കുക.

2012 ഓഗസ്റ്റിലാണ് കുക്ക് ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്. 2013, 2015 വർഷങ്ങളിൽ ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരയിൽ ടീമിനെ നയിച്ചതും വിജയത്തിലെത്തിച്ചതും കുക്കായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുളളതും കുക്കാണ്. ക്യാപ്റ്റനെന്ന നിലയിൽ 59 ടെസ്റ്റുകലിൽ നിന്ന് 10 സെഞ്ചുറിയടക്കം 4844 റൺസ് കുക്ക് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായത് തന്നെ സംബന്ധിച്ച് വലിയ ബഹുമതിയാണെന്നും അഞ്ചു വർഷത്തോളം ടീമിനെ നയിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും കുക്ക് പറഞ്ഞു. സ്ഥാനമൊഴിയുന്നത് സങ്കടകരമായ കാര്യമാണെങ്കിലും ഇത് ശരിയായ തീരുമാനമാണെന്നും 32കാരനായ കുക്ക് പറഞ്ഞു. സ്ഥാനമൊഴിഞ്ഞെങ്കിലും ഓപ്പണിങ് ബാറ്റ്സ്‌മാനായി കുക്ക് ടീമിൽ തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook