ക്രിക്കറ്റ് ചരിത്രം ഒരിക്കലും മറക്കാനിടയില്ലാത്ത പേരാണത്, അലൻ ബോർഡർ.  ഒരു കാലത്ത് മൈതാനങ്ങളെ അടക്കി വാണ ഓസീസ് ക്രിക്കറ്റർ. ഇന്നിതാ, ഇംഗ്ലണ്ടിൽ നിന്ന്, ഇപ്പോഴത്തെ ഏറ്റവും കഠിനാധ്വാനികളായ ക്രിക്കറ്റ് കളിക്കാരിലൊരാളായ അലസ്റ്റയർ കുക്ക്, അലൻ ബോർഡർ കുറിച്ച മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുന്നു.

ഇരുവർക്കുമിടയിൽ സാമ്യതകളേറെയാണ്. ഇടംകൈയ്യൻ ബാറ്റ്സ്‌മാൻ എന്നതിലുപരി, ഇംഗ്ലണ്ടിന് വേണ്ടി 11000 ത്തിലേറെ വ്യക്തിഗത റൺസ് ടെസ്റ്റിൽ നേടിയ താരങ്ങളാണ്. കൗണ്ടി ക്രിക്കറ്റിൽ എസെക്‌സിന് വേണ്ടി ജഴ്‌സിയണിഞ്ഞ താരങ്ങളാണ്. എല്ലാത്തിനും പുറമെ തങ്ങളുടെ രാജ്യത്തെ ആഷസ് വിജയത്തിന്റെ നെറുകയിലേക്ക് കൈപിടിച്ച് നടത്തിയവരാണ്.

ഇന്ന് ഒന്നൊഴിയാതെ 153 ടെസ്റ്റ് മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ക്യാപ് അണിഞ്ഞ താരം അലൻ ബോർഡർ കുറിച്ച റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ്. ഒരു വ്യാഴവട്ടക്കാലത്തിന് മുൻപ് നാഗ്‌പൂറിൽ ഇന്ത്യയ്ക്കെതിരായായിരുന്നു കുക് ആദ്യ ടെസ്റ്റ് മൽസരം കളിച്ചത്. ആദ്യ മൽസരത്തിൽ തന്നെ സെഞ്ചുറി  നേടി പ്രതിഭ തെളിയിച്ച താരത്തിന് പരുക്ക് മൂലം തൊട്ടടുത്ത മൽസരം കളിക്കാനായില്ല.

എന്നാൽ പിന്നീടിത് വരെ ഇംഗ്ലണ്ടിന്റെ ഒരൊറ്റ ടെസ്റ്റ് മൽസരത്തിനുളള ടീമിലും ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ കഴിഞ്ഞ 153 ടെസ്റ്റ് മൽസരങ്ങളിലും അദ്ദേഹം ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞു. ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലീഷ് കളിക്കാരനുമായി.

ബോർഡർ കുറിച്ച 153 മൽസരത്തിന്റെ റെക്കോർഡിന് ഒപ്പമെത്തുമ്പോൾ അന്നത്തെ ബോർഡറെക്കാൾ അഞ്ച് വയസിന് ചെറുപ്പമാണ് 33കാരനായ അലസ്റ്റയർ കുക്.  തന്റെ റെക്കോർഡ് പാക്കിസ്ഥാനെതിരായ അടുത്ത ടെസ്റ്റിൽ കുക് മറികടക്കുമെന്നാണ് അലൻ ബോർഡർ തന്നെ പറഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ